ചെന്നൈ: വ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. മനസാക്ഷിയെ നടുക്കിയ അതിദാരുണമായ മൂന്നാംമുറയുടെ വിവരങ്ങള്‍ പുറത്ത് വന്നിട്ടും പൊലീസുകാര്‍ക്ക് എതിരെ  കേസ് എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ നടപടി. മദ്രാസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കോടതിയുടെ അനുമതി തേടി കേസ് സിബിഐക്ക് കൈമാറും. 

കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും തമിഴ്നാട്  മുഖ്യമന്ത്രി വ്യക്തമാക്കി. നടന്നത് കൂട്ടായ ആക്രമണം എന്ന് ബെനിക്സിന്‍റെയും ജയരാജന്‍റെയും ബന്ധുക്കള്‍ ചൂണ്ടികാട്ടുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കട തുറന്നതിന്‍റെ പേരില്‍ രണ്ട് രാത്രി മുഴുവന്‍ ലോക്കപ്പിലിട്ട് മര്‍ദിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ കമ്പി കയറ്റി. അമിതമായി രക്തസ്രാവം ഉണ്ടായതോടെ  കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ജയരാജന്‍റെ സഹോദരന്‍ ജോസഫ് വെളിപ്പെടുത്തി. 

ഗുരുതരമായി പരിക്കേറ്റിട്ടും കോവില്‍പ്പെട്ടി ജനറല്‍ ആശുപത്രി ഫിറ്റന്സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. നടക്കാന്‍ പോലും കഴിയാതെ പൊലീസ് വാഹനത്തില്‍ കിടക്കുകയായിരുന്ന ഇരുവരെയും കാണാതെ, വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് കൈവീശി കാണിച്ച് സാത്താന്‍കുളം മജിസ്ട്രേറ്റ് തുടര്‍നടപടിക്ക് അനുമതി നല്‍കിയെന്നും ദൃക്സാക്ഷിയായ ജോസഫ് ആരോപിച്ചു. പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് സബ്ജയിലില്‍ പ്രവേശിപ്പിച്ചത്. മജിസ്ട്രേറ്റിനും ആശുപത്രി അധികൃതര്‍ക്കും സംഭവത്തില്‍ പങ്ക് ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രജനീകാന്ത് കമല്‍ഹാസന്‍ ഉള്‍പ്പടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.