Asianet News MalayalamAsianet News Malayalam

ജാതി അടിസ്ഥാനമായുള്ള അക്രമങ്ങള്‍ കുറയ്ക്കാന്‍ മിശ്രവിവാഹങ്ങള്‍ കാരണമായേക്കുമെന്ന് സുപ്രീംകോടതി

വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ തങ്ങളുടെ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കുകയാണ്. മുന്‍പത്തെ സാമൂഹ്യ ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ടാണ് ഇവയില്‍ പലവിവാഹങ്ങളും. നേരത്തെ വിവാഹങ്ങളില്‍ ജാതി ഒരു സുപ്രധാന മാനദണ്ഡമായിരുന്നു. 

Educated youngsters showing way forward to reduce caste and community tensions in India by tying the knot in intermarriage ays SC
Author
New Delhi, First Published Feb 12, 2021, 5:18 PM IST

ദില്ലി: ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മിശ്രവിവാഹം കാരണമാകുന്നതായി സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാവുന്ന യുവതലമുറയെ പിന്തുണച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള മാര്‍ഗമാണ് മിശ്രവിവാഹങ്ങളിലൂടെ കാണിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ തങ്ങളുടെ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കുകയാണ്.

മുന്‍പത്തെ സാമൂഹ്യ ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ടാണ് ഇവയില്‍ പലവിവാഹങ്ങളും. നേരത്തെ വിവാഹങ്ങളില്‍ ജാതി ഒരു സുപ്രധാന മാനദണ്ഡമായിരുന്നു. മിശ്രവിവാഹങ്ങള്‍ ജാതിയുടെ പേരിലുളള അക്രമങ്ങള്‍ കുറച്ചേക്കുമെന്നാണ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൌള്‍ അധ്യക്ഷനായ ബെഞ്ച് ഒരു കേസിന്‍റെ വിധിയില്‍ പരാമര്‍ശിച്ചത്. രക്തം പരസ്പരം കലരുന്നതോടെ സമൂഹത്തില്‍ ഒരു സാഹോദര്യ ബന്ധത്തിന് വഴിതുറന്നേക്കുമെന്നും കോടതി വിലയിരുത്തി. ഈ സാഹോദര്യ ബന്ധം പരസ്പരം തോന്നത്തതുമൂലമാണ് അന്യഗ്രഹജീവികളേപ്പോലെ ചുറ്റുമുള്ളവരെ കാണേണ്ടി വരുന്നത്.

ജാതി നിര്‍മ്മിതമായ ഈ ദൂരം തുടച്ചുനീക്കപ്പെടുമെന്നും കോടതി പറഞ്ഞു. മതംമാറിയുള്ള വിവാഹങ്ങള്‍ വ്യാപകമായി വിവിധ സംസ്ഥാനങ്ങളില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹിതരാവാന്‍ പരസ്പര സമ്മതമുണ്ടെങ്കില്‍ ജാതിയുടേയോ കുടുംബത്തിന്‍റെയോ അനുവാദത്തിന്‍റെ ആവശ്യമില്ലെന്നും കോടതി വിശദമാക്കി. വിവാഹിതരാവേണ്ട പ്രായപൂര്‍ത്തിയായവരുടെ സമ്മതത്തിനാണ് പ്രാധാന്യമെന്നും കോടതി നിരീക്ഷിച്ചു. സമുദായത്തിന്‍റെ മാനദണ്ഡങ്ങള്‍ക്ക് പുറത്ത് വിവാഹിതരാവുന്ന യുവതലമുറയ്ക്ക് മുതിര്‍ന്നവരില്‍ നിന്ന് ഭീഷണിയുണ്ടെന്നും കോടതി വിശദമാക്കി.

കോടതികളാണ് ഇത്തരം യുവജനങ്ങളുടെ സഹായത്തിനെത്തുന്നത്. അസിസ്റ്റന്‍റ് പ്രൊഫസറായ ഒരാളെ വിവാഹം ചെയ്യാന്‍ ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് പോയ എംബിഎ ബിരുദധാരിയുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് തിരികെ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് യുവതി നിഷേധിച്ചിരുന്നു. കേസ് തള്ളിയ കോടതി പരാതിയില്‍ പൊലീസ് സ്വീകരിച്ച നിലപാടിനേയും നിശിതമായി വിമര്‍ശിച്ചു. ഈ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Follow Us:
Download App:
  • android
  • ios