ദില്ലി: പരിസ്ഥിതി ആഘാത പഠനം 2020നെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പരിസ്ഥിതി സെക്രട്ടറിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ കോടതി അലക്ഷ്യ കേസ്. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രാദേശിക ഭാഷകളിലും കരട് വിജ്ഞാപനം പുറത്തിറക്കണമെന്ന് ജൂൺ 30ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കും..

Read more at: 'ഇഐഎ വിജ്ഞാപനം കരട് മാത്രമല്ലേ?', എതിർപ്പ് അപക്വമെന്ന് പരിസ്ഥിതി മന്ത്രി, പ്രതിഷേധം ...

പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്. 

പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം അനവസരത്തിലാണെന്നും  ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് കരട് വിജ്ഞാപനം മാത്രമാണെന്നും കേന്ദ്രവനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ഇപ്പോൾ പ്രതിഷേധമുയർത്തുന്നത് അപക്വമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. 

മറ്റ് കാര്യങ്ങൾ പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് മന്ത്രിയുടെ പക്ഷം. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. 

ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ദില്ലിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇ.ഐ.എ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബിൽഡേഴ്സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി.