ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി
ദില്ലി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോണിന്‍റെ വളരെ കുറച്ച് കേസുകൾ മാത്രമുള്ളതിനാൽ പരിഭ്രമിക്കേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി
തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്
രാജ്യത്തെ കൊവിഡ് സാഹചര്യത്തെ പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒമിക്രോണിന്‍റെ വളരെ കുറച്ച് കേസുകൾ മാത്രമുള്ളതിനാൽ പരിഭ്രമിക്കേണ്ടതില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇന്നലെ നടത്തിയ ചർച്ചയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം റിപ്പോർട്ടുകൾ സത്യ വിരുദ്ധവും, തെറ്റിദ്ധാരണജനകവും, വസ്തുതാവിരുദ്ധവുമാണ്.
കൊവിഡ് വ്യാപനത്തിന്‍റെ ആഗോള-ആഭ്യന്തര നില, രാജ്യത്തെ ഒമിക്രോൺ വ്യാപനം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര ആരോഗ്യ സെക്രട്ടറി നൽകിയിരുന്നു. വർദ്ധിക്കുന്ന കൊവിഡ് കേസുകളെ നിയന്ത്രിക്കാനും, രോഗവ്യാപനം തടയാനും സംസ്ഥാനങ്ങളിൽ സ്വീകരിച്ചിട്ടുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം യോഗത്തിൽ കൈമാറി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ, അവയുടെ അയൽ സംസ്ഥാനങ്ങൾ എന്നിവയ്ക്കാണ് യോഗത്തിൽ പ്രത്യേക പ്രാധാന്യം നൽകിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ; റോഡ് ഷോ തടയുന്നതും പരിഗണനയിൽ
