Asianet News MalayalamAsianet News Malayalam

'സഹകരിച്ചതിന് നന്ദി', പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് ഇല്ല, കൂട്ടായ നേതൃത്വം വേണമെന്ന് ട്വീറ്റ്

എന്‍റെ എളിയ അഭിപ്രായത്തിൽ, എന്നേക്കാൾ പാർട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട്

Election Strategist Prashant Kishor Declines Offer To Join Congress
Author
Thiruvananthapuram, First Published Apr 26, 2022, 4:22 PM IST

ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കില്ല. കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള ഓഫർ പ്രശാന്ത് കിഷോർ നിരസിച്ചതായി പാർട്ടിയുടെ മുതിർന്ന നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു. 

Following a presentation & discussions with Sh. Prashant Kishor, Congress President has constituted a Empowered Action Group 2024 & invited him to join the party as part of the group with defined responsibility. He declined. We appreciate his efforts & suggestion given to party.

''കോൺഗ്രസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചർച്ചകൾക്കും ശേഷം, കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാർട്ടിയിൽ ചേരണമെന്നായിരുന്നു ക്ഷണം. എന്നാൽ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്‍റെ സഹകരണത്തിനും ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി'', രൺദീപ് സുർജേവാല വ്യക്തമാക്കി. 

അതേസമയം, പാർട്ടിയിൽ ചേരാനുള്ള ഓഫർ നിരസിച്ചതായി പ്രശാന്ത് കിഷോറും സ്ഥിരീകരിച്ചു. 

I declined the generous offer of #congress to join the party as part of the EAG & take responsibility for the elections.

In my humble opinion, more than me the party needs leadership and collective will to fix the deep rooted structural problems through transformational reforms.

കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോൺഗ്രസ് ഉന്നതാധികാരസമിതിയുടെ നിർദേശം ഞാൻ വിനയപൂർവം നിരസിക്കുന്നു. എന്‍റെ എളിയ അഭിപ്രായത്തിൽ, എന്നേക്കാൾ പാർട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ട് - പ്രശാന്ത് കിഷോറിന്‍റെ മറുപടി ട്വീറ്റിങ്ങനെ. 

2024 ലോകസഭ തെരഞ്ഞെടുപ്പ് ചർച്ചകള്‍ക്കായി ഉന്നതാധികാര സമിതിയെ കോൺഗ്രസ് നിയോഗിച്ചിരുന്നു. പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശം കൂടി പരിഗണിച്ചായിരുന്നു നടപടി. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികള്‍ ആലോചിക്കാന്‍  അടുത്ത മാസം ചിന്തൻ ശിബിർ ചേരാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ചർച്ചകള്‍ക്ക് ജി-23 നേതാക്കളെ കൂടി ഉള്‍പ്പെടുത്തി  6 സമിതികളെയും നിയോഗിച്ചിരുന്നു. 

പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തത് ജനറൽ സെക്രട്ടറി, മാനേജ്മെൻറ് ആൻറ് കോഡിനേഷൻ പദവിയാണെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അനുവാദം വേണമെന്ന് പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനോട് പാർട്ടിക്കകത്ത് നിന്ന് എതിർപ്പ് ഉയർന്നതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നു.

പ്രശാന്ത് കിഷോറിന് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനായി സ്വതന്ത്രമായ വലിയ ചുമതലകൾ നൽകുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നുവെന്നാണ് സൂചന. അതിനാൽത്തന്നെയാണ് കൃത്യമായ ചുമതല നൽകി പാർട്ടിയിൽ ചേരണമെന്ന് പ്രശാന്ത് കിഷോറിനോട് പാർട്ടി ഉന്നതാധികാരസമിതി ആവശ്യപ്പെട്ടത്. പ്രശാന്ത് കിഷോർ കൂടുവിട്ടു കൂടുമാറുന്നതിൽ പലർക്കും ആശങ്കയുണ്ടെന്ന് ദ്വിഗ് വിജയ് സിംഗ് തുറന്നുപറഞ്ഞതാണ്. 

കോൺഗ്രസ് ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോർ നൽകിയ നിർദ്ദേശങ്ങൾ നാലംഗ സമിതി പരിശോധിച്ചിരുന്നു. പ്രിയങ്ക ഗാന്ധി റിപ്പോർട്ട് സോണിയ ഗാന്ധിക്ക് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള ചില മാറ്റങ്ങൾക്ക് കോൺഗ്രസ് തയ്യാറെടുക്കുന്നു എന്നാണ് സൂചന. ഇതു കൂടാതെ പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് വരുന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനമുണ്ടാകും. എന്നാൽ പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ദ്വിഗ് വിജയ് സിംഗിന്‍റെ വാക്കുകൾ. 

പ്രശാന്ത് കിഷോർ വരുന്നതിനോട് പലർക്കും യോജിപ്പില്ല. പ്രശാന്ത് കിഷോർ ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്ന നേതാവാണ്. പ്രത്യയശാസ്ത്ര നിലപാടും ഇല്ല. ഈ സാഹചര്യത്തിൽ എതിർപ്പുണ്ടാകും എന്ന് ദ്വിഗ് വിജയ് സിംഗ് തുറന്നടിച്ചിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോർ നല്കിയ നിർദ്ദേശങ്ങളിൽ പുതുമയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കിഷേർ പറയുന്നതെന്നും ദ്വിഗ് വിജയ് സിംഗ് വ്യക്തമാക്കി. എന്നാൽ സോണിയ ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു.  

മുതിർന്ന നേതാക്കളുടെ അതൃപ്തി പ്രശാന്ത് കിഷോറിന് തുടക്കത്തിൽ കല്ലുകടിയാകുമെന്ന് ഉറപ്പായിരുന്നു. ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിലുള്ള ഗ്രുപ്പിലെ നേതാക്കൾക്കും പ്രശാന്ത് കിഷോറിനെ കൊണ്ടു വരുന്നതിനോട് യോജിപ്പില്ലായിരുന്നു എന്നാണ് സൂചന. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഈ നീക്കമെന്നാണ് ജി ഇരുപത്തിമൂന്ന് നേതാക്കളുടെ വിലയിരുത്തൽ. 

അടുത്ത മാസം 13 മുതല്‍ 15 വരെ നടക്കുന്ന ചിന്തൻ ശിബിർ യോഗത്തില്‍ കോണ്‍ഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്ന ആലോചനകള്‍ക്കൊപ്പം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളിലും വിശദമായ ചർ‍ച്ച നടക്കും. ജി 23 നേതാക്കളായ ഗുലാംനബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശർമ ഉള്‍പ്പെടെയുള്ളവരും വിവിധ സമിതികളില്‍ ഉണ്ട്. തരൂര്‍ രാഷ്ട്രീയ കാര്യ സമിതിയിലും രമേശ് ചെന്നിത്തല സംഘടനാ കാര്യ സമിതിയിലും അംഗങ്ങളാണ്. ആന്‍റോ ആന്‍റണി, റോജി എം ജോണ്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ടെ സമിതിക്കാണ് സാമൂഹ്യ നീതി, യുവ ശാക്തികരണ വിഷയങ്ങളില്‍ ചർച്ചകള്‍ക്കുള്ള ചുമതല. 9 വർഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ചിന്തൻ ശിബിർ ചേരുന്നത്. 

Follow Us:
Download App:
  • android
  • ios