ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ദില്ലിയില്‍ തിരിച്ചെത്തിയ ശേഷമാകും വിവരങ്ങള്‍ പരിശോധിക്കുക.

ദില്ലി: എസ്ബിഐ കൈമാറിയ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക സമിതി രൂപികരിക്കും. ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ദില്ലിയില്‍ തിരിച്ചെത്തിയ ശേഷമാകും വിവരങ്ങള്‍ പരിശോധിക്കുക. ഇതിനിടെ വിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിനെ സുപ്രീം കോടതി ബാർ അസോസിയേഷൻ തള്ളി

കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെയാണ് എസ്ബിഐ ഇന്നലെ ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഡിജിറ്റലായാണ് ബോണ്ടിന്‍റെ വിവരങ്ങള്‍ എസ്ബിഐ നല്‍കിയിരിക്കുന്നത് . ആരൊക്കെ ബോണ്ടുകൾ വാങ്ങിയെന്നതും ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളുമാണ് ആദ്യഘട്ടത്തില്‍ കൈമാറിയിട്ടുള്ള വിവരങ്ങള്‍. ഇന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷർ ജമ്മുകശ്മീരിലെ സന്ദർശനം പൂർത്തിയാക്കി ദില്ലിയില്‍ മടങ്ങി എത്തിയ ശേഷം മാത്രമേ ബോണ്ടിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയുള്ളു. നല്‍കിയ വിവരങ്ങള്‍ പ്രത്യേക സമിതി രൂപികരിച്ചാകും പരിശോധിക്കുക. ആരൊക്കെ സമിതിയില്‍ ഉണ്ടാകുമെന്ന് കമ്മീഷൻ വെളിപ്പെടുത്തിയിട്ടില്ല. എസ്ബിഐ നല്‍കിയ വിവരങ്ങള്‍ വെള്ളിയാഴ്ചക്കകം തെര‍ഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ പരിശോധിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

ഇതിനിടെ ഇലക്ട്രല്‍ ബോണ്ട് വിധി നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡ‍ന്‍റിനെ സംഘടന തന്നെ തള്ളിപ്പറഞ്ഞു. വിഷയം രാഷ്ട്രപതി പരിശോധിക്കണമെന്നും അത് വരെ വിധി നടപ്പാക്കുന്നത് തടയണമെന്നുമായിരുന്നു പ്രസിഡന്‍റ് ആദിഷ് അഗർവാളിന്‍റെ ആവശ്യം. രാഷ്ട്രപതിക്ക് കത്തെഴുതാൻ പ്രസിഡന്‍റിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും അസോസിയേഷൻ പ്രതികരിച്ചു