നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടു കടത്തൽ സ്റ്റാംപ് പതിക്കാതെയിരിക്കാൻ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. വിസ പുതുക്കാൻ നടപടി സ്വീകരിക്കുമെന്നും ഇവർ ഉറപ്പ് നൽകി.
ദില്ലി: ഇറാഖ് (Iraq) കർബല റിഫൈനറിയിലെ (Karbala Refinery) തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി (Indian Embassy) അധികൃതർ ക്യാമ്പിൽ എത്തി തൊഴിലാളികളെ കണ്ടു. ഇവർ കമ്പനി അധികൃതരുമായി ചർച്ച നടത്തി. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടു കടത്തൽ സ്റ്റാംപ് പതിക്കാതെയിരിക്കാൻ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. വിസ പുതുക്കാൻ നടപടി സ്വീകരിക്കുമെന്നും ഇവർ ഉറപ്പ് നൽകി.
കർബല റിഫൈനറിയിൽ തൊഴിൽ പ്രതിസന്ധിയിൽ ഇന്ത്യൻ എംബസി ഇടപെട്ടതിനെത്തുടർന്നാണ് കമ്പനിയുടെ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മലയാളികൾ അടക്കം ഇന്ത്യക്കാരെ ഇന്നലെ മോചിപ്പിച്ചത്.
2014ൽ തുടങ്ങിയ കർബല റിഫൈനറി പദ്ധതിയിൽ മലയാളികൾ അടക്കം അയ്യായിരത്തിലധികം ഇന്ത്യക്കാരാണ് ജോലി നോക്കിയിരുന്നത്. എന്നാൽ രണ്ട് വർഷം മുൻപ് ഇവരുടെ തൊഴിൽ വിസ കാലാവധി തീർന്നിട്ടും ഇത് കമ്പനി പുതുക്കിയിരുന്നില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ അടക്കം പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപാണ് പതിച്ചിരുന്നത്. കൂടാതെ രണ്ട് വർഷത്തേക്ക് ഇറാഖിലേക്ക് എത്തുന്നതും വിലക്കി.
വിസ പുതുക്കാത്തതിനെ ചോദ്യം ചെയ്ത് തൊഴിലാളികൾ പണിമുടക്കി പ്രതിഷേധിച്ചതോടെ മൂന്നറിലധികം ഇന്ത്യക്കാരെ സുരക്ഷ ജീവനക്കാർ തടങ്കലിലാക്കി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. കമ്പനി നടപടിക്കെതിരെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രാലയത്തിനും തൊഴിലാളികൾ പരാതി അയച്ചു. തൊഴിലാളികളുടെ ദുരിതം ഏഷ്യാനറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് എംബസി ഇടപെടൽ ഉണ്ടായത്. കമ്പനി അധികൃതരുമായി സംസാരിച്ച എംബസി ഉദ്യോഗസ്ഥർ ഇന്ത്യക്കാരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇവരെ വിട്ടയ്ക്കുകയായിരുന്നു.
