ഗഗൻ ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തിൽ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.
ദില്ലി: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ (Ludhiana Blast)മുൻ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗഗൻ ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തിൽ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ ദീപിനെ 2019 ൽ പൊലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാൾ മയക്ക് മരുന്ന് കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഇയാൾക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ ആളെ തിരിച്ചറിയുകയായിരുന്നു.
പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി, ഭീകരസംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍
സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി നേരത്തെ പറഞ്ഞു. എന്നാൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന നിലപാടായിരുന്നു അന്വേഷണ ഏജൻസികൾക്ക്. ലുധിയാന സ്ഫോടനത്തിന് പിന്നാലെ എൻഐഎ, എന്‍എസ്ജി സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മാരക സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കും. ഇന്നലെ കോടതിയിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു.
ലുധിയാന സ്ഫോടനം; സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് ഉപമുഖ്യമന്ത്രി, കേന്ദ്രം റിപ്പോര്‍ട്ട് തേടി
