Asianet News MalayalamAsianet News Malayalam

'അടിച്ചത് ശരിയായില്ല, പക്ഷേ എല്ലാം തുടങ്ങിവെച്ചത് പൈലറ്റ്'; വിമാനത്തിലെ കൈയാങ്കളിയിൽ ദൃക്സാക്ഷിയായ റഷ്യക്കാരി

പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു.

eye witness says about Pilot thrashed in Indigo flight prm
Author
First Published Jan 16, 2024, 12:17 AM IST

ദില്ലി: വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാരൻ ഇൻഡി​ഗോ വിമാനത്തിലെ പൈലറ്റിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വീഡിയോ ചിത്രീകരിച്ച റഷ്യൻ യാത്രക്കാരി. പൈലറ്റിനെ മർദ്ദിച്ചത് ശരിയായ നടപടിയല്ലെന്നും എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും കാരണം പൈലറ്റിന്റെ മോശം പെരുമാറ്റമാണെന്നും റഷ്യൻ പൗരയും നടിയുമായ എവ്ജീനിയ ബെൽസ്കിയ പറഞ്ഞു. വിമാനം വൈകുന്നതിൽ പൈലറ്റ് യാത്രക്കാരെയാണ് കുറ്റപ്പെടുത്തിയത്.

വിമാനം വൈകുന്നതിന്റെ കാരണം അന്വേഷിച്ച യാത്രക്കാർക്ക് സാഹചര്യം വിശദീകരിക്കുന്നതിന് പകരം അവരെ കുറ്റപ്പെടുത്തുകയാണ് പൈലറ്റ് ചെയ്തതെന്നും ഇവർ പറഞ്ഞു. പൈലറ്റിനെ കൈയേറ്റം ചെയ്തത് നൂറ് ശതമാനം തെറ്റായ കാര്യമാണ്. ഒരിക്കലും അം​ഗീകരിക്കാനാകില്ല. എന്നാൽ, രണ്ട് മണിക്കൂറോളം വിമാനത്തിൽ കാത്തിരുന്ന യാത്രക്കാർ അക്ഷമരായിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തുണ തേടുന്നതിന് പകരം പ്രകോപിപ്പിക്കാനാണ് പൈലറ്റ് ശ്രമിച്ചതെന്നും ഇവർ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരന്റെ മർദനമേറ്റത് വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ദില്ലിയിൽ നിന്ന് ​ഗോവയിലേക്കായിരുന്നു സർവീസ്. രാവിലെ 7.40ന് പുറപ്പെടുമെന്നായിരുന്നു അറിയിച്ചത്. യാത്രക്കാർ രാവിലെ ആറിന് തന്നെ എത്തുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾ വൈകിയതോടെ യാത്രക്കാർ പ്രകോപിതരായി. ദില്ലിയിൽ കനത്ത മൂടൽമഞ്ഞ് കാരണം വിമാന സർവീസ് താറുമാറായിരിക്കുകയാണ്. 

പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തുടർന്നതോടെ വിമാനത്തിലെ മറ്റു ജീവനക്കാർ തടഞ്ഞു. അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ദില്ലി പൊലീസും അറിയിച്ചു. ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios