വാഷിംഗ്ടണ്‍: ഫേസ്ബുക്ക് ഇന്ത്യ, സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ പോളിസി ഡയറക്ടര്‍ അംഖി ദാസിന്റെ ബിജെപി ബന്ധത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി അമേരിക്കന്‍ മാധ്യമം വാള്‍ സ്ട്രീറ്റ് ജേണല്‍ രംഗത്ത്. ഇന്ത്യയിലെ ഫേസ്ബുക്ക് ജീവനക്കാരുടെ ആഭ്യന്തര ഗ്രൂപ്പില്‍ അംഖി മോദിയെ പിന്തുണച്ചും ബിജെപി അനുഭാവം പ്രകടിപ്പിച്ചും കുറിപ്പുകള്‍ പോസ്റ്റ് ചെയ്‌തെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുമുമ്പ് അംഖി ദാസ് ബിജെപി അനുകൂല പോസ്റ്റ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അദ്ദേഹത്തിന്റെ (മോദിയുടെ) സോഷ്യല്‍മീഡിയ പ്രചാരണത്തിന് നമ്മള്‍ ഒരു തിരികൊളുത്തി. ബാക്കിയൊക്കെ തീര്‍ച്ചയായും ചരിത്രമാണ്- എന്നായിരുന്നു അംഖി ദാസിന്റെ സന്ദേശം. മറ്റൊരു പോസ്റ്റില്‍ മോദിയെ കോണ്‍ഗ്രസിനെ തകര്‍ത്ത കരുത്തനെന്ന് വിശേഷിപ്പിച്ച അംഖി, മോദിയുടെ വിജയം 30 വര്‍ഷത്തെ അടിത്തട്ടിലെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഇന്ത്യയില്‍ സോഷ്യലിസത്തില്‍ നിന്നുള്ള മോചനമാണെന്നും അവര്‍ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫേസ്ബുക്കിന്റെ പരിഗണനകള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അംഖി പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ക്കുള്ള ജീവനക്കാരുടെ ഗ്രൂപ്പിലാണ് അംഖി ദാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

നേരത്തെ, ഫേസ്ബുക്ക് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യേണ്ടെന്ന് അംഖി ദാസ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നീട് ശശി തരൂര്‍ തലവനായ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് അധികൃതരെ വിളിച്ചുവരുത്താന്‍ നോട്ടീസ് നല്‍കിയിരുന്നു.