ജീവനക്കാര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുണ്ടാകാമെങ്കിലും ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഉള്ളടക്കത്തെ സംബന്ധിച്ച തീരുമാനം ഒരാളുടേതല്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി. 

ദില്ലി: വിദ്വേഷപ്രചാരണത്തെ ഒരിക്കലും അനുകൂലിക്കില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍. വിദ്വേഷ പ്രചരണത്തില്‍ ഫേസ്ബുക്ക് ബിജെപിയെ പിന്തുണക്കുന്നുവെന്ന ആരോപണത്തില്‍ ആദ്യമായാണ് ഫേസ്ബുക്ക് അധികൃതര്‍ പ്രതികരിക്കുന്നത്. ഫേസ്ബുക്കിന്റെ നയം ഒരുവിഭാഗത്തോട് അനുകൂലമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജീവനക്കാര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുണ്ടാകാമെങ്കിലും ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഉള്ളടക്കത്തെ സംബന്ധിച്ച തീരുമാനം ഒരാളുടേതല്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി. 

സെപ്റ്റംബര്‍ രണ്ടിന് പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകണമെന്ന് ഫേസ്ബുക്കിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് സമിതിയുടെ തലവന്‍. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണത്തിന് അനുകൂലമായ നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് വിദേശമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അംഘി ദാസിനെതിരെയും ആരോപണമുയര്‍ന്നു.