ദില്ലി: ബിജെപി അനുകൂല നിലപാടെടുക്കുന്നുവെന്ന ആരോപണം തള്ളി ഫേസ്ബുക്ക്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയത്. പക്ഷപാതപരമായി പെരുമാറുകയില്ലെന്നും അഭിപ്രായങ്ങൾ സ്വാതന്ത്രമായി പ്രകടിപ്പിക്കാനുള്ള ഇടമാണ് ഉറപ്പാക്കുന്നതെന്നും ഫേസ്ബുക്ക് മറുപടിയിൽ വ്യക്തമാക്കുന്നു. 

പക്ഷപാതപരമായ നിലപാടുകളെടുക്കുന്നുവെന്ന ആരോപണങ്ങളെ ഗൗരവമായി കാണുന്നു. വിദ്വേഷത്തെയും മതഭ്രാന്തിനെയും അപലപിക്കുന്നതായും ഫേസ് ബുക്ക് നല്‍കിയ മറുപടിയിൽ വ്യക്തമാക്കി. ബിജെപി അനുകൂല നിലപാടെടുക്കുന്ന ഇന്ത്യയിലെ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും ഫേസ്‍ബുക്ക്‌ സിഇഒ മാർക്ക്‌ സക്കർബർഗിന് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.