ദില്ലി: സമൂഹമാധ്യമങ്ങളിലൂടെയുള്ള ബജ്‌റംഗദളിന്‍റെ വിദ്വേഷപ്രചാരണത്തിനെതിരെ ഫേസ്ബുക്ക് മൃദുസമീപനം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ ബജ്‌റംഗദളിന്‍റെ പ്രചാരണങ്ങളെ തടയാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബജ്‌റംഗദള്‍ വര്‍ഗീയത പ്രചരിപ്പിക്കുമ്പോള്‍ തങ്ങളുടെ സുരക്ഷാ പോളിസികള്‍ ശക്തമായി പാലിക്കാതെ വെള്ളം ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

കമ്പനിയുടെ വളര്‍ച്ചയും ജീവനക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്ന വീക്ഷണമാണ് ഫേസ്ബുക്കിനെ ഇത്തരമൊരു നിലപാടിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ തുടര്‍ച്ചയാണ് ഈ റിപ്പോര്‍ട്ടും. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഭരണപക്ഷ നേതാവിന് അനുകൂലമായി ഫേസ്ബുക്കിന്‍റെ മുന്‍ എക്സിക്യുട്ടീവ് അങ്കിദാസ് സ്വാധീനം ചെലുത്തിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രചാരണം വൈറലായി ദവസങ്ങള്‍ക്ക് ശേഷമാണ് ഫേസ്ബുക്ക് രാഷ്ട്രീയ നേതാവിനെ ബാന്‍ ചെയ്തത്. ഈ സംഭവത്തിന്‍റെ ഉത്തവാദിത്തമേറ്റാണ് അങ്കിദാസ് ഫേസ്ബുക്ക് വിട്ടത്. 

ദില്ലിക്ക് സമീപമുള്ള ഒരു പള്ളിയിലെ ആക്രമണത്തിന് കാരണമായ ബജ്റംഗ്ദളിന്‍റെ വീഡിയോ കണ്ടത് 2.5 ലക്ഷം പേരാണ്. ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഫേസ്ബുക്ക് ജീവനക്കാരെയും സൌകര്യങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കാരണമായേക്കുമെന്നും കമ്പനി ഭയന്നതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിനെതിരായ ഫേസ്ബുക്ക് നിലപാടിലെ വെള്ളം ചേര്‍ക്കലിനെതിരെ ചില ജീവനക്കാര്‍ സംശയം പ്രകടമാക്കിയിരുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഏറ്റവുമധികം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ അഞ്ച് ഓഫീസുകളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.