ദില്ലി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) പേരില്‍ വന്‍ തട്ടിപ്പുമായി  വ്യാജ വെബ്സൈറ്റ്. 1990 നും 2019 നും ഇടയില്‍ ജോലി ചെയ്തവര്‍ക്ക് 80,000 രൂപ ലഭിക്കുമെന്ന വ്യാജപ്രചാരണമാണ് സോഷ്യല്‍ മീഡിയയിലൂടെ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത്. ഇപിഎഫ്ഒയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യാജ വെബ്സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.  തുക ലഭിക്കുന്നതിനായി ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന സന്ദേശവുമായി ലഭിക്കുന്ന ഇപിഎഫിന്‍റെ പേരിലുള്ള എസ്എംഎസുകള്‍, കോളുകള്‍, ഇ മെയിലുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ എന്നിവയില്‍ വഞ്ചിതരാകരുതെന്നാണ് ഇപിഎഫ്ഒയുടെ ട്വീറ്റ്. 

ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ വിലാസമായ www.epfindia.gov.in ആണ് വ്യാജ വെബ്സൈറ്റിന്‍റെ തുടക്കത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 80,000 രൂപ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ സ്വന്തം പേരുണ്ടോയെന്ന് നോക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് വെബ്സൈറ്റിലെ നിര്‍ദ്ദേശം. ഇതിനായി നല്‍കിയിരിക്കുന്നത് വ്യാജ വെബ്സൈറ്റിന്‍റെ https://socialdraw.top/epf എന്ന ലിങ്കാണ്. സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളുടെ ഡൊമൈന്‍ .gov.in  എന്നാണ് അവസാനിക്കുന്നത്. എന്നാല്‍ ഇപിഎഫ്ഒയുടെ വ്യജവെബ്സൈറ്റിന്‍റെ ഡൊമൈന്‍ ഇങ്ങനെയല്ല അവസാനിക്കുന്നത്. 

ഇപിഎഫ്ഒയുടെ വ്യാജ വെബ്സൈറ്റിന്‍റെ മുകളിലായി നല്‍കിയിരിക്കുന്നത് ഒരു ചിത്രമാണ്. ഇതില്‍ ക്ലിക്ക് ചെയ്യാന്‍ സാധിക്കില്ല. അതേസമയം ശരിയായ വെബ്സൈറ്റില്‍ തല്‍സ്ഥാനത്ത് ചിത്രത്തിന് പകരം മെനു ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഓപ്ഷനുകള്‍ ഉപയോക്താവിന് തെരഞ്ഞെടുക്കാം. ഹെഡര്‍ എന്ന പേരിലാണ് വ്യാജ സൈറ്റിന്‍റെ മുകള്‍വശത്തെ പകുതിയില്‍ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. 

വ്യാജ സൈറ്റിന്‍റെ താഴെയുള്ള ഭാഗത്തായി മൂന്ന് ചോദ്യങ്ങളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവയില്‍ വ്യാകരണ പിഴവുകളുണ്ട്. 

നിങ്ങള്‍ 18 വയസ്സിന് മുകളിലുള്ളവരാണോ ?
1990-2019 കാലഘട്ടത്തില്‍ ജോലി ചെയ്തവരാണോ?
നിലവില്‍ ജോലി ചെയ്യുന്നുണ്ടോ എന്നിങ്ങനെ മൂന്ന് ? -എന്നിവയാണ് വ്യാജ സൈറ്റില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍.

2019 ഒക്ടോബര്‍ 15 നാണ് വ്യാജ സൈറ്റ് സൃഷ്ടിച്ചതായി കാണപ്പെടുന്നത്. ഇപിഎഫ്ഒയുടെ പേരില്‍ വ്യാജസൈറ്റ് നടത്തുന്ന തട്ടിപ്പിന് സമാനമായ സംഭവം ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ദക്ഷിണാഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1990- 2019 കാലയളവില്‍ ജോലി ചെയ്തവര്‍ക്ക് 30000 റാന്‍ഡ് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.