Asianet News MalayalamAsianet News Malayalam

രാഹുലിനെതിരെ പരാമര്‍ശം; മുംബൈ സര്‍വകലാശാല അധ്യാപകന് നിര്‍ബന്ധിത അവധി

രാഹുലിന്‍റെ 'സവര്‍ക്കര്‍' പരാമര്‍ശത്തിനെതിരെയാണ് യോഗേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ നടത്തി റേപ്പ് ഇന്‍ ഇന്ത്യ എന്ന് രാഹുല്‍ പറഞ്ഞിരുന്നു

faculty member of Mumbai University sent on compulsory leave for remarks against Rahul Gandhi
Author
Mumbai, First Published Jan 15, 2020, 10:23 AM IST

മുംബൈ: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുംബൈ സര്‍വകലാശാല അധ്യാപകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. നാഷണല്‍ സ്റ്റുഡന്‍റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്‍റസ് ഫെഡറേഷന്‍, ഛത്ര ഭാരതി എന്നീ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുംബൈ സര്‍വകലാശാല അക്കാദമി ഓഫ് തീയറ്റര്‍ ആര്‍ട്ട്സ് ഡയറക്ടര്‍ യോഗേഷ് സോമനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്.

എന്‍എസ്‍യുഐ, എഐഎസ്എഫ്, ഛത്ര ഭാരതി എന്നീ സംഘടനകള്‍ യോഗേഷിനെതിരെ കലിന ക്യാമ്പസില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യോഗേഷിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ ആവശ്യപ്പെടുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അജയ് ദേശ്മുഖ് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

യോഗേഷിന്‍റെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും രജിസ്ട്രാര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. രാഹുലിന്‍റെ 'സവര്‍ക്കര്‍' പരാമര്‍ശത്തിനെതിരെയാണ് യോഗേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍  റേപ്പ് ഇന്‍ ഇന്ത്യ എന്ന് രാഹുല്‍ പറഞ്ഞിരുന്നു.

ഇതോടെ ഈ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് വന്നു. എന്നാല്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് താന്‍ ഒരിക്കലും മാപ്പുപറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇതിന് ശേഷമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടിലെ വീഡിയോയിലൂടെ യോഗേഷ് രാഹുലിനെതിരെ മോശം പരാമര്‍ശം നടത്തിയത്. സത്യത്തില്‍ രാഹുല്‍ സവര്‍ക്കറല്ല. താങ്കള്‍ നല്ല ഒരു ഗാന്ധിയും അല്ല. വെറും 'പപ്പുഗിരി' മാത്രമാണ് രാഹുലെന്നുമാണ് യോഗേഷ് വീഡിയോയില്‍ പറഞ്ഞത്. 

Follow Us:
Download App:
  • android
  • ios