Asianet News MalayalamAsianet News Malayalam

ഫൈസൽ ഫരീദിന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു; അറ്റാഷയെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ യുഎഇ

യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഈ നടപടി. 
 

Faizal Fareed passport freeze by Ministry of External Affairs
Author
Delhi, First Published Jul 16, 2020, 5:08 PM IST

ദില്ലി: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടി. ഇപ്പോൾ യുഎഇയിൽ ഉള്ള ഫൈസൽ ഫരീദ് സ്വര്‍ണ്ണ കള്ളക്കടത്തിൽ പ്രധാന കണ്ണികളിലൊരാളാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഈ നടപടി. 

കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ രാജ്യംവിട്ട  യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്മിയയെ  ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ പ്രതികരിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതികളെ ദേശീയ അന്വേഷണ ഏജൻസിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്ന് ദില്ലിയിലേക്ക് പോയത്. 

അറ്റാഷെയുടേ പേരിൽ വന്ന നയതന്ത്ര ബാഗിലാണ് സ്വര്‍ണമെത്തിയത്. ബാഗ് ഒരു കാരണവശാലും തുറക്കരുതെന്ന് അറ്റാഷെ സമ്മർദ്ദം ചെലുത്തിയിരുന്നു. എൻഐഎ കോടതിയിൽ  കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അറ്റാഷെയിൽ നിന്ന് അറിയാനുണ്ടെന്നിരിക്കെയാണ് അറ്റാഷെ യുഎഇയിലേക്ക് പോയത്. 

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തിൽ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി. ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios