മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്‍റെ ഭാര്യയെയാണ് മണ്ഡലം പിടിക്കാൻ എൻഡിഎ രംഗത്തിറക്കുന്നത്. ശരദ് പവാർ പക്ഷത്തു നിന്നും മകൾ സുപ്രിയ സുലെ തന്നെ ബാരാമതിയിലിറങ്ങിയാൽ പോരാട്ട ചൂടേറുമെന്നുറപ്പ്.
മുംബൈ:മഹാരാഷ്ട്രയിൽ എൻ സി പിയുടെ പൊന്നാപുരം കോട്ടയാണ് ബാരാമതി ലോക്സഭ മണ്ഡലം, പക്ഷെ ഇത്തവണ ബാരാമതിയിൽ നിന്നും ഏത് എൻ സി പി സ്ഥാനാര്‍ത്ഥി വിജയിക്കും എന്നതാണ് രാഷ്ട്രീയ ലോകത്തെ ചോദ്യം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്‍റെ ഭാര്യയെയാണ് മണ്ഡലം പിടിക്കാൻ എൻഡിഎ രംഗത്തിറക്കുന്നത്. ശരദ് പവാർ പക്ഷത്തു നിന്നും മകൾ സുപ്രിയ സുലെ തന്നെ ബാരാമതിയിലിറങ്ങിയാൽ മണ്ഡലത്തിൽ പോരാട്ട ചൂടേറുമെന്നുറപ്പ്.
എൻസിപിയുടെയും പവാർ കുടുംബത്തിന്‍റേയും ശക്തി ദുർഗമാണ് ബാരാമതി. ശരദ് പവാറിനെയും അജിത്ത് പവാറിനെയും പിന്നീട് സുപ്രിയ സുലെയേയും കൈവിടാതെ കാത്ത മണ്ഡലം. തൊണ്ണൂറ്റിയൊന്നു മുതൽ ബാരാമതി നിയമസഭാ സീറ്റിലെ മുടിചൂടാ മന്നനാണ് അജിത് പവാർ. ഇരുപത്തിയെട്ട് വർഷമായി ബാരാമതിയിൽ നിന്നും ലോക്സഭയിലേക്ക് എത്തിയത് ശരദ് പവാറും തുടർന്ന് സുപ്രിയ സുലേയെന്നതും രാഷ്ട്രീയ ചരിത്രം. 2024 ൽ മണ്ഡലം വീണ്ടും വിധിയെഴുതും , പക്ഷെ ഇത്തവണ പവാർ കുടുംബാംഗങ്ങൾ തമ്മിലുളള പോരാട്ടമാകുമോ ബാരാമതിയിലേതെന്നതാണ് ചോദ്യം. എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത്ത് പവാറിന് പാര്‍ട്ടിയുടെ ഒൗദ്യോഗിക ചിഹ്നവും പേരുമുണ്ടെന്ന കരുത്തുണ്ട്, സുനേത്ര പവാറിനായുളള പ്രചരണം മണ്ഡലത്തിൽ തുടങ്ങികഴിഞ്ഞു അജിത്ത് പവാര്‍ വിഭാഗം. തന്നെയും മകളെയും കൈവിടാത്ത ബാരാമതിയിലെ വോട്ടർമാരുടെ വൈകാരികതയിലാണ് ശരദ് പവാറിന്‍റെ വിശ്വാസം . പവാര്‍ കുടുംബത്തിൽ താൻ ഒറ്റയ്ക്ക് പോരാടുകയാണെന്ന് വരുത്തി തീർക്കുകയാണ് അജിത്ത് പവാറിന്‍റ ലക്ഷ്യമെന്നായിരുന്നു സുനേത്രയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ശരദ് പവാറിന്‍റെ പ്രതികരണം.
പക്ഷെ പോരാട്ടം തുടങ്ങും മുൻപ് സുപ്രിയ ഒരടി പിന്നോട്ടെടുത്ത് കഴിഞ്ഞു. മൂന്നു തവണ ബാരാമതിയെ പ്രതിധാനം ചെയ്ത സുപ്രിയ നാഗ്പൂരിലെ വാറ്ധയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ബാരാമതി ഉൾപ്പെടുന്ന പൂനെ ജില്ലയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ അജിത്ത് പവാര്‍ പക്ഷത്തിന് മേൽക്കൈ നൽകുന്നുണ്ട്. ബാരാമതിയിലെ ശരദ് പവാറിന്‍റെ കോട്ട തകര്‍ക്കാനുളള ബിജെപി ശ്രമങ്ങൾക്ക് അജിത്ത് പവാര്‍ തുടക്കമിടുമോ. എൻസിപിയെന്നാൽ ശരദ് പവാറിന്‍റേതെന്ന് ജനം വിധിയെഴുതുമോ. ലോക്സഭ തെരഞ്ഞെടുപ്പിലെ ത്രില്ലര്‍ പോരാട്ടമാകും ബാരാമതിയിലേതെന്ന് വ്യക്തം.
