ചെന്നൈ: പ്രദേശവാസികളുടെ എതിര്‍പ്പിനിടെ തമിഴ്നാട്ടില്‍ മറവ് ചെയ്ത ഡോക്ടറുടെ മൃതദേഹം പുറത്തെടുത്ത് ആദരവോടെ സംസ്കരിക്കണമെന്ന് കുടുംബം. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കണമെന്നാണ് ഡോക്ടറുടെ ഭാര്യ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. സമൂഹം കാണിച്ച അനാദരവ് മാപ്പര്‍ഹിക്കുന്നതല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ച  ഡോക്ടറുടെ കുടുംബം ചൂണ്ടികാട്ടി.

എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ച് സീല്‍ ചെയ്ത പെട്ടിയിലാണ് ഇപ്പോള്‍ മൃതദേഹം  സംസ്കരിച്ചിരിക്കുന്നത്. മൃതദേഹം അതേരീതിയില്‍ തന്നെ കുടംബ സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അനുമതി നല്‍കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡോക്ടറുടെ ഭാര്യ ആനന്ദി സൈമണ്‍ ആവശ്യപ്പെട്ടു. കൊവിഡ് ബാധിതരുടെ ചികിത്സക്കായി 20 ദിവസം മുമ്പാണ് ഡോ സൈമണ്‍ വീട്ടില്‍ നിന്നിറങ്ങിയത്.

ആംബുലന്‍സ് തകര്‍ത്തു, ബന്ധുക്കളെ തല്ലി; കൊവിഡ് ബാധിച്ച് മരിച്ച ഡോക്റുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

രോഗം പകര്‍ന്നുവെന്ന വിവരം അറിഞ്ഞ് ഫോണിലൂടെ സംസാരിച്ചപ്പോഴും ഉടന്‍ തിരികെ എത്തുമെന്നായിരുന്നു മറുപടി. പിതാവിന്‍റെ മുഖം അവസാനമായൊന്ന് കാണാന്‍ പോലും രണ്ട് മക്കള്‍ക്കും കഴിഞ്ഞില്ല. അന്ത്യവിശ്രമത്തിന് പോലും ഇടം നല്‍കാത്ത സമൂഹത്തിന്‍റെ നിലപാടാണ് ഇതിനേക്കാളേറെ വേദനിപ്പിച്ചതെന്ന് ആനന്ദി സൈമണ്‍ പറയുന്നു.

"

ഡോക്ടറുടെ മൃതദേഹവുമായി ശമ്ശാനങ്ങള്‍ തോറും ഒരു രാത്രി മുഴുവന്‍ സഹപ്രവര്‍ത്തകര്‍ അലഞ്ഞു. സുഹൃത്ത് ഡോ പ്രദീപും ആശുപത്രിയിലെ അറ്റന്‍ഡറും ചേര്‍ന്നാണ്  അന്ത്യവിശ്രമത്തിനായി കുഴിയെടുത്തത്.

അണ്ണാനഗറില്‍ ശമ്ശാനത്തില്‍ മറവ് ചെയ്ത മൃതദേഹം കില്‍പ്പോക്കിലെ സെമിത്തേരിയില്‍ കൊണ്ട് വന്ന് ആദരവോടെ സംസ്കരിക്കണമെന്നാണ് കുടുംബത്തിന്‍റെ അപേക്ഷ. സുരക്ഷാ മുന്‍കരുതലോടെ സംസ്കരിച്ചാല്‍ രോഗം പടരില്ലെന്ന് സര്‍ക്കാര്‍ സമൂഹത്തെ ബോധ്യപ്പെടുത്തണം. കൊവിഡ് പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ ഡോക്ടറുടെ മൃതദേഹത്തോട് എങ്കിലും ദയവ് കാണിക്കണമെന്നാണ് അഭ്യര്‍ത്ഥന.