Asianet News MalayalamAsianet News Malayalam

കര്‍ഷകരുടെ മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധം; ദേശീയ-സംസ്ഥാന പാതകൾ സ്തംഭിച്ചു, ഉപരോധം മിക്കയിടത്തും സമാധാനപരം

ആനി രാജ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയിരുന്നത്

farmers protest as road block across nation was peaceful
Author
Delhi, First Published Feb 6, 2021, 4:33 PM IST

ദില്ലി: കര്‍ഷകരുടെ മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധ സമരത്തിൽ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ സ്തംഭിച്ചു. ദില്ലി, ഉത്തരാഖണ്ഡ്, യുപി ഒഴികെയുള്ള സംസ്ഥാനങ്ങളിലായിരുന്നു മൂന്ന് മണിക്കൂറ് റോഡുകളിൽ കുത്തിയിരുന്ന് കര്‍ഷകരുടെ ചക്ക ജാം എന്ന റോഡ് ഉപരോധ സമരം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലിയിൽ പ്രകടനം നടത്തിയ ആനി രാജ അടക്കമുള്ള ഇടതുസംഘടനാ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി, യുപി, ഉത്തരാഖണ്ഡ് ഒഴികെ ജമ്മുകശ്മീര്‍ ഉൾപ്പടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് കര്‍ഷകര്‍ റോഡിലിറങ്ങി. മഹാരാഷ്ട്രയിൽ മുംബൈ അടക്കമുള്ള നഗരപ്രദേശങ്ങളെ സമരം ബാധിച്ചില്ലെങ്കിലും ഗ്രാമീണ മേഖലകളിലെ റോഡുകൾ നിശ്ചലമായി. പഞ്ചാബിൽ ചെറുവാഹനങ്ങൾ പോലും ഓടിയില്ല. ഹരിയാനയിലും  ആയിരക്കണക്കിന് കര്‍ഷകര്‍ റോഡുകളിലിറങ്ങി. പശ്ചിമബംഗാളിലും ബീഹാറിലും നൂറിലധികം ഇടങ്ങളിൽ കര്‍ഷകര്‍ റോഡിൽ കുത്തിയിരുന്നു. 

കര്‍ണാടകത്തിലും തമിഴ്നാട്ടിലും കര്‍ഷകര്‍ സമരത്തിന്‍റെ ഭാഗമായി. ദില്ലിയിലേക്ക് കടക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നെങ്കിലും റിപ്പബ്ളിക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളിൽ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ദില്ലിക്കുള്ളിലേക്കുള്ള ചെറുവഴികൾ വരെ പൊലീസ് അടച്ചിരുന്നു. ദില്ലി നഗരത്തിലെ 10 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു.  

മൂന്ന് മണിക്ക് ട്രാക്ടറുകളിലെ ഹോണുകൾ മുഴക്കിയാണ് കര്‍ഷകര്‍ സമരം അവസാനിച്ചത്. ദില്ലി അതിര്‍ത്തികളിലെ പ്രക്ഷോഭം രാജ്യവ്യാപക പ്രക്ഷോഭമാക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇന്നത്തെ സമരം. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലി ഐടിഒയിൽ ഇടതുസംഘടനകൾ നടത്തിയ പ്രകടനം നേരിയ സംഘര്‍ഷത്തിന് കാരണമായി. ആനി രാജി ഉൾപ്പടെയുള്ള അമ്പതിലധികം പേരെ കസ്റ്റഡിയിലെടുത്തു. 

Follow Us:
Download App:
  • android
  • ios