Asianet News MalayalamAsianet News Malayalam

കേന്ദ്ര സർക്കാറിന്‍റെ പുതിയ നിർദേശങ്ങള്‍ തള്ളി കർഷക സംഘടനകൾ; സമരം തുടരും, ട്രാക്ടർ റാലിയിലും മാറ്റമില്ല

സമരം നിർത്തുകയാണെങ്കിൽ ഒന്നരവർഷത്തോളം നിയമങ്ങൾ മരവിപ്പിക്കും, കർഷകരും സർക്കാർ പ്രതിനിധികളും ചേർന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിർദ്ദേശങ്ങൾ. ഇവ രണ്ടും ഇന്ന് ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗം തള്ളി. 

farmers reject governments proposal to pause farm laws for 1-5 years
Author
Delhi, First Published Jan 21, 2021, 10:03 PM IST

ദില്ലി: കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പുതിയ നിർദേശവും കർഷക സംഘടനകൾ തള്ളി. സമരം ശക്തമായി തുടരാനാണ് സംഘടനകളുടെ തീരുമാനം. കാർഷിക നിയമം ഭേദഗതി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. 

സമരം നിർത്തുകയാണെങ്കിൽ ഒന്നരവർഷത്തോളം നിയമങ്ങൾ മരവിപ്പിക്കും, കർഷകരും സർക്കാർ പ്രതിനിധികളും ചേർന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിർദ്ദേശങ്ങൾ. ഇവ രണ്ടും ഇന്ന് ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗം തള്ളി. പുതിയ നിയമം പിൻവലിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് ബഹുജന പിന്തുണ ഏറി വരുന്നതായും സംയുക്ത യോഗം വിലയിരുത്തി. 

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംബന്ധിച്ച് ദില്ലി പൊലീസ് കർഷക സംഘടനകളുമായി ചർച്ച നടത്തി. റാലി നടത്താൻ ദില്ലി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും കർഷക സംഘടനകൾ വഴങ്ങിയില്ല. ട്രാക്ടർ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഇതിനിടെ കാർഷിക നിയമത്തെ പിന്തുണയ്ക്കുന്ന കർഷകരും ആയി സുപ്രീംകോടതി നിയോഗിച്ച സമിതി ഓൺലൈൻ ചർച്ച നടത്തി.

Follow Us:
Download App:
  • android
  • ios