ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ആരോപണ വിധേയരായ അധ്യാപകർ കൂടുതൽ സമയം ആവശ്യപ്പെട്ടു. വ്യക്തിപരമായ കാരണങ്ങളാൽ സമയം നീട്ടണമെന്നാണ് ആവശ്യം. സുദർശൻ പത്മനാഭൻ , ഹേമചന്ദ്രൻ , മിലിന്ദ് എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നത്. മൂവരോടും വൈകുന്നേരത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

അതിനിടെ, ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐഐടിയിൽ സാംസ്കാരിക കൂട്ടായ്മയായ ചിന്താ ബാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങി. രണ്ട് മലയാളി വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ എന്നവരാണ് അനിശ്ചിത കാല നിരാഹാര സമരം നടത്തുന്നത്. പ്രധാന കവാടത്തിന് മുന്നിലാണ് നിരാഹാര സമരം.

അതേസമയം, സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി മദ്രാസ് അറിയിച്ചു. നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രത്യേക ആഭ്യന്തര അന്വേഷണം പരിഗണിക്കുന്നില്ല എന്നാണ് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചത്. വിദ്യാർത്ഥികൾക്ക് ഐഐടി യുടെ ഇമെയിലിൽ നിന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തങ്ങൾ ഉന്നയിച്ച ആവശ്യം കിട്ടുന്നത് വരെ നിരാഹാരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു.

Also Read: ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി