നീലഗിരി: മദ്യപാനത്തിന് ശേഷം ഊട്ടിയിലെ പൊതുസ്ഥലങ്ങളില്‍ കുപ്പികള്‍ ഉപേക്ഷിച്ചാല്‍ ഇനി മുതല്‍ 10,000 രൂപ പിഴ. നീലഗിരി കളക്ടര്‍ ഇന്നസെന്‍റ് ദിവ്യയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. നീലഗിരി ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ 55 മദ്യവില്‍പ്പനശാലകളാണ് ഉള്ളത്. എന്നാല്‍ ജില്ലയില്‍ മദ്യശാലകളോട് ചേര്‍ന്ന് ബാറുകളില്ല. 

ഏകദേശം ഒന്നരക്കോടി രൂപയുടെ മദ്യമാണ് ഇവിടെ വില്‍ക്കുന്നത്. മദ്യപിച്ചതിന് ശേഷം പൊതുസ്ഥലങ്ങളില്‍ കുപ്പികള്‍ വലിച്ചെറിയുന്നത് വ്യാപകമായതോടെയാണ് ജില്ലാ ഭരണാധികാരികള്‍ പിഴയീടാക്കാന്‍ തീരുമാനിച്ചത്. ഒരു ദിവസം 20,000 കുപ്പികള്‍ വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കാടുകളിലേക്ക് വലിച്ചെറിയുന്ന കുപ്പികള്‍ പാറകളില്‍ തട്ടി പൊട്ടിച്ചിതറുകയും വലിയ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്. പൊതു ഇടങ്ങളില്‍ കുപ്പികള്‍ വലിച്ചെറിയുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാലാണ് പിഴ ഈടാക്കാന്‍ തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്യക്കുപ്പികള്‍ ഉപേക്ഷിക്കുന്നതിനായി എല്ലാ സ്ഥലത്തും പ്രത്യേക ബക്കറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.