ദില്ലി: ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഫയര്‍മാന്‍ രാജേഷ് ശുക്ലയെ അഭിനന്ദിച്ച് രാജ്യം. 43 പേര്‍ മരിച്ച ദില്ലി അനജ് മന്ദിയിലെ തീപിടിത്തത്തില്‍ നിന്നാണ് രാജേഷ് ശുക്ലയുടെ സാഹസികമായ ഇടപെടല്‍ കാരണം 11 പേര്‍ രക്ഷപ്പെട്ടത്. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ രാജേഷ് ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച പുലര്‍ച്ചെ വടക്കന്‍ ദില്ലിയിലെ ഫാക്ടറിയിലാണ് രാജ്യത്തെ നടുക്കിയ തീപിടുത്തമുണ്ടായത്. 

രാജേഷ് ശുക്ലയെ ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജയിന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അഭിനന്ദിച്ചു. തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാനാണ് രാജേഷ്. 11 പേരെ അദ്ദേഹം രക്ഷിച്ചു. പരിക്കേറ്റിട്ടും അദ്ദേഹം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. അദ്ദേഹമാണ് യാഥാര്‍ഥ നായകന്‍. ഞാന്‍ സല്യൂട്ട് ചെയ്യുന്നു. സത്യേന്ദ്ര ജെയിന്‍ ട്വീറ്റ് ചെയ്തു. നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രാജേഷ് ശുക്ലയുടെ ധൈര്യത്തെയും അര്‍പ്പണബോധത്തെയും പ്രകീര്‍ത്തിച്ചു. 

43 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. 

പരിക്കേറ്റവരുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുക്കും. സംഭവത്തിന് അന്വേഷണത്തിന് ദില്ലി സർക്കാർ ഉത്തരവിട്ടു. രാഷ്ട്രപതി രാം നാഥ് ഗോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി സംഭവസ്ഥലം സന്ദര്‍ശിച്ചു.