എൽവിഷ് യാദവിന്റെ വീടിന് നേരെ വെടിവെയ്പ്, 25-30 വട്ടം വെടിയുതിർത്ത് 3 അംഗ സംഘം
യൂട്യൂബറും ബിജ് ബോസ് ഹിന്ദി ഓടിടി വിജയിയുമായ എൽവിഷ് യാദവിന്റെ ഗുർഗ്രാമിലെ വീടിന് നേരെ വെടിവെയ്പ്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മുഖംമൂടി ധരിച്ച് അക്രമികളെത്തിയത്. സംഘത്തിൽ 3 പേരുണ്ടായിരുന്നു. ഏറെ നേരം വെടിയുതിർത്ത് പ്രദേശത്താകെ ഭീതി പടർത്തിയതിന് പിന്നാലെ സംഘം കടന്നുകളഞ്ഞു. വെടിവെപ്പുണ്ടായ സമയത്ത് എൽവിഷ് സ്ഥലത്തുണ്ടായിരുന്നില്ല. ഹിമാൻഷു ബസു ഗ്യാങ് സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. വാതുവെപ്പിനെ സോഷ്യൽ മീഡിയ വഴി പ്രമോട്ട് ചെയ്യുന്നതിനുള്ള മുന്നറിയിപ്പാണ് വെടിവെപ്പെന്നാണ് സംഘത്തിന്റെ വിശദീകരണം. വാത് വെപ്പുകൾ കാരണം നിരവധി കുടുംബങ്ങൾ നശിക്കുന്നുവെന്നും ഇതൊരു മുന്നറിയിപ്പായി കാണണമെന്നുമാണ് വിശദീകരണം.
മകൻ ഏതെങ്കിലും ചൂതാട്ട പരസ്യത്തിൽ ഏർപ്പെട്ടതായി തനിക്ക് അറിയില്ലെന്നും ഭീഷണികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ പ്രതികരണം. ഏകദേശം 25-30 തവണ വെടിയുതിർത്തു. എൽവിഷിന് ഭീഷണിയൊന്നും ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേരാണുള്ളത്. സംഘം ബൈക്കിലാണെത്തിയത്. അതിൽ രണ്ട് പേർ ഗേറ്റിന് മുന്നിലെത്തിയെന്നും കുടുംബം പ്രതികരിച്ചു.
പൊലീസ് എൽവിഷ് യാദവിന്റെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. നിയമനടപടികൾ ആരംഭിച്ചതായും, കുടുംബം പരാതി നൽകിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

