പഞ്ചാബ്: പഞ്ചാബിലെ ചീഫ് സെക്രട്ടറിയായി വിനി മഹാജൻ വെളളിയാഴ്ച സ്ഥാനമേറ്റു. സംസ്ഥാനത്തെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയാണ് വിനി മഹാജൻ. 1987 ലെ ഐഎഎസ് ബാച്ച് ഉദ്യോ​ഗസ്ഥയാണ്. അനവധി പ്രത്യേകതകൾ കൂടിയുണ്ട് വിനി മഹാജന്റെ ഈ നേട്ടത്തിന് പിന്നിൽ. വിനി മഹാജന്റെ ഭർത്താവ് പഞ്ചാബ് പൊലീസ് മേധാവിയായ ദിന്‍കര്‍ ​ഗുപ്തയാണ് ഇതാദ്യമായിട്ടാണ് ദമ്പതികളായ രണ്ട് പേർ പഞ്ചാബിലെ ഉന്നത പദവികൾ വഹിക്കുന്നത്. 1987 ലെ ഐപിഎസ് ബാച്ച് ഉദ്യോ​ഗസ്ഥനായ ദിന്‍കര്‍ ​ഗുപ്തയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസ് മേധാവി പദവിയിൽ നിയോ​ഗിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു വിനി മഹാജൻ

1995 ൽ പഞ്ചാബിൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ കൂടിയാണ് വിനി മഹാജൻ. ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. കൽക്കട്ടയിലെ ഇന്ത്യന്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം. 2005 മുതൽ 2012 വരെ മുൻപ്രധാനമനത്രി മൻമോഹൻസിം​ഗിന്റെ ഓഫീസിലും വിനി മഹാജൻ സേവനമനുഷ്ഠിച്ചിരുന്നു. പിതാവ് ബിബി മഹാജൻ പഞ്ചാബ് കേഡറിലെ ഐഎഎസ് ഉദ്യോ​ഗസ്ഥനായിരുന്നു.