ദില്ലി: ആരോഗ്യസംരക്ഷണ പദ്ധതിയായ ഫിറ്റ് ഇന്ത്യയുടെ ഒന്നാം വാര്‍ഷികാഘോഷവുമായി താരങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഫിറ്റ് ഇന്ത്യ ഡയലോഗ് നാളെ നടക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, എക്‌സര്‍സൈസ് സയന്‍സ് വിദഗ്ധ റിജുജ ദിവേകര്‍, വനിതാ ഫുട്ബാള്‍ താരം അദിതി ചൗഹാന്‍, സിനിമാ താരം മിലിന്ദ് സോമന്‍, സ്വാമി ശിവാധ്യാനം സരസ്വതി, മുകുള്‍ കനിത്കര്‍, അഷ്ഫാന്‍ ആഷിഖ് തുടങ്ങിയവരുമായിട്ടായിരിക്കും മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ്. 

ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ ഡയലോഗില്‍ പങ്കെടുക്കുമെന്ന് നാളെ കാണാമെന്നും വിരാട് കോലി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റുജുത ദിവേകര്‍ ട്വീറ്റ് ചെയ്തു. ഒരു ദേശീയ വേദിയില്‍ വനിതാ ഫുട്ബാള്‍ താരത്തെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അദിതി ചൗഹാന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും നന്ദിയുണ്ടെന്നും അദിതി പറഞ്ഞു. 

ജനങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിലാണ് മോദി ശാരീരിക ക്ഷമതയില്‍ താല്‍പര്യം കാണിക്കുന്ന പ്രശസ്തരുമായി ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഫിറ്റ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നരക്കോടി ജനങ്ങള്‍ പദ്ധതിയുടെ ഭാഗമായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലത്തോണ്‍, ഫിറ്റ് ഇന്ത്യ വീക്ക്, ഫിറ്റ് ഇന്ത്യ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നടപ്പാക്കിയത്.