കശ്മീര്‍: കശ്മീരില്‍ അഞ്ചോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തടവില്‍ നിന്നും വിടുവിക്കുന്നതിന് വേണ്ടി ബോണ്ട് ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മോഡറേറ്റ് ഹുറിയത്ത് പാര്‍ട്ടി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ രണ്ട് മുന്‍ എംഎല്‍എമാര്‍, പിഡിപിയുടെ ഒരു മുന്‍ എംഎല്‍എ, പീപ്പിള്‍സ് കണ്‍ഫറന്‍സിന്‍റെ ഒരു നേതാവ് എന്നിവരാണ് ബോണ്ട് ഒപ്പുവെച്ചത്. 

സിആര്‍പിസി സെക്ഷന്‍ 107 പ്രകാരമാണ് ഇവരെ തവടവില്‍ വെച്ചിരുന്നത്. തടവില്‍ നിന്നും റിലീസ് ചെയ്തതിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്നടക്കം
ഇവര്‍ എഴുതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

സിആര്‍പിസി സെക്ഷന്‍ 107 പ്രകാരം തടവിലുള്ള ഒരാള്‍ ബോണ്ട് ഒപ്പുവെച്ച് പുറത്തിറങ്ങിയ ശേഷം ബോണ്ട് നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും. രാഷ്ട്രീയ പ്രസംഗം നടത്താന്‍ പോലും ഇവര്‍ക്ക്  അനുവാദമില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മുകശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് അത്തരം അനുച്ഛേദം റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്.

നടപടിക്കെതിരെ പ്രതിഷേധിച്ച  സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തടങ്കലിലാണ്. അതിനിടെയാണ് അഞ്ചോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തടവില്‍ നിന്നും വിടുവിക്കുന്നതിന് വേണ്ടി ബോണ്ട് ഒപ്പുവെച്ചെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.