ദില്ലി: കൊവിഡിനെതിരെ പ്രതിരോദം തീര്‍ത്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ച ദില്ലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. കുടുംബത്തില്‍ നിന്ന് മാറി സ്വയം ഐസൊലേറ്റഡാകാന്‍ തീരുമാനിച്ച ഇവര്‍ ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് തെരഞ്ഞെടുത്തത്. 

ദില്ലിയിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലളിത് തങ്ങളുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ ഡോക്ടര്‍മാരെ സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ചു. കൊവിഡ് പോരാട്ടത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സമാരെയും ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് പലരും രോഗികളെ ചികിത്സിക്കുന്നത്. സ്വയം ഐസൊലേഷനില്‍ പോകുന്ന ഡോക്ടര്‍മാര്‍ക്ക് ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗകര്യമൊരുക്കുമെന്ന് ദില്ലി സര്‍ക്കാര്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 

ലളിത് ഹോട്ടലിലെ 100 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ മുഴുവന്‍ തുകയും ദില്ലി സര്‍ക്കാര്‍ വഹിക്കും. എല്‍എന്‍ജെപിയിലെയും ജിബി പന്ത് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ് ഇവിടെ ഐസൊലേഷനില്‍ കഴിയുന്നത്. 

അതേസമയം രാജ്യത്ത് പലയിടങ്ങളിലും ഡോക്ടര്‍മാരും നഴ്‌സ്മാരും വിവേചനം നേരിടുന്നുണ്ട്. കൊവിഡ് ബാധിച്ച രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്‌സമാരെയും വാടകവീടുകളില്‍ നിന്ന് ഇറക്കി വിടുന്നതായും അയല്‍വാസികള്‍ മാറ്റി നിര്‍ത്തുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.