ദില്ലി: ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാല്‍ സവാള കഴിക്കാതിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന. കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തില്‍ ഹസീന അതൃപ്തി അറിയിച്ചു. നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് സവാള വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. 

ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാല്‍ തന്‍റെ ഭക്ഷണത്തില്‍ സവാള ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് ഹസീന പറഞ്ഞു. ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചതിലുള്ള ആശങ്ക ഇന്ത്യന്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും ഹസീന പറഞ്ഞു. സവാള കയറ്റുമതി നിര്‍ത്തലാക്കിയതോടെ ബംഗ്ലാദേശ് ബുദ്ധിമുട്ടിലായെന്നും അവര്‍ വ്യക്തമാക്കി. 

ആഭ്യന്തര വിപണിയില്‍ വില കുത്തനെ ഉയര്‍ന്നതോടെയാണ് ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചത്. ഇന്ത്യയില്‍ സവാളയുടെ വില കിലോക്ക് 60 രൂപക്ക് മുകളിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സവാള ഉല്‍പാദകരായ ഇന്ത്യയുടെ തീരുമാനം ഏഷ്യന്‍ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ബംഗ്ലാദേശില്‍ കിലോക്ക് 40 ടാക്ക വിലയുണ്ടായിരുന്ന സവാള, ഇന്ത്യ കയറ്റുമതി നിരോധിച്ചതിനാല്‍ 140 ടാക്കയായി ഉയര്‍ന്നു. മണ്‍സൂണ്‍ വൈകിയതിനെ തുടര്‍ന്നാണ് രാജ്യത്തെ സവാള ഉല്‍പാദനം കുത്തനെ ഇടിഞ്ഞത്.