ദില്ലി: പ്രശസ്ത മാധ്യമപ്രവർത്തകനും മുൻകേന്ദ്രമന്ത്രിയും മുൻ ബിജെപി നേതാവുമായ അരുൺ ഷൂരിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി തലകറങ്ങി വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റൂബി ഹാള്‍ ക്ലിനിക്കിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എഴുപത്തെട്ട് വയസ്സുള്ള അരുൺ ഷൂരി 1998 മുതൽ 2004 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു.

ഇദ്ദേഹത്തിന് എല്ലാ പരിശോധനയും നടത്തി വിദ​ഗ്ദ്ധ ചികിത്സ നൽകിയതായി  മുതിർന്ന ഡോക്ടർ വെളിപ്പെടുത്തി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ദ് ഇൻഡ്യൻ എക്സപ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ എഡിറ്ററായി അരുൺ ഷൂരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.