Asianet News MalayalamAsianet News Malayalam

ഇനി ഓര്‍മ്മകളിൽ, പ്രണബ് മുഖര്‍ജിക്ക് വിട നൽകി രാജ്യം

രാജാജി മാര്‍ഗിലെ വസതിയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പൊതുദര്‍ശനം മുതല്‍ സംസ്കാരം വരെയുള്ള ചടങ്ങുകള്‍ നടന്നത്.

Former President Pranab Mukherjee cremated will all state honours
Author
Delhi, First Published Sep 1, 2020, 3:15 PM IST

ദില്ലി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വിട നൽകി രാജ്യം. പൂര്‍ണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടന്നു. രാജാജി മാര്‍ഗിലെ വസതിയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയടക്കമുള്ളവരും പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പൊതുദര്‍ശനം മുതല്‍ സംസ്കാരം വരെയുള്ള ചടങ്ങുകള്‍ നടന്നത്.

ആര്‍മി റിസര്ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ നിന്ന്  രാവിലെ ഒന്‍പതരയോടെ പ്രണബ് മുഖര്‍ജിയുടെ മൃതദേഹം രാജാജി റോഡിലെ പത്താം നമ്പര്‍ വസതിയിലെത്തിച്ചു. കൊവിഡ് ബാധിതനായിരുന്നതിനാല് പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടുനല്‍കിയത്.  പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ പ്രണബ് മുഖര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.  വിലാപയാത്ര ഒഴിവാക്കി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രത്യേക വാഹനത്തിലാണ് മൃതദേഹം ലോധി റോഡ് ശ്മശാനത്തിലേക്കെത്തിച്ചത്. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ഒരാഴ്ച രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios