കൊല്‍ക്കത്ത: വിവേചനപരമായി പെരുമാറിയെന്നാരോപിച്ച് യൂണിവേഴ്സിറ്റി പ്രൊഫസറെ പൂര്‍വ്വ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു. ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബംഗാളി വിഭാഗത്തിലെ അധ്യാപകന്‍ അബ്ദുള്‍ കാഫിയെയാണ് വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ സര്‍വകലാശാല കവാടത്തിന് സമീപം ചായ കുടിക്കുകയായിരുന്നു അധ്യാപകന്‍. ഈ സമയം അവിടെ എത്തിയ രാജേഷ് സന്ത്ര എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രൊഫസറെ മര്‍ദ്ദിക്കുകയായിരുന്നു. അടി കൊണ്ട് താഴെ വീണ അധ്യാപകനെ വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. 

2015-ല്‍ യൂണിവേഴ്സിറ്റിയില്‍ ബംഗാളി വിഭാഗത്തില്‍ പഠിച്ച കാലയളവില്‍ അധ്യാപകന്‍ വിവേചനപരമായ രീതിയില്‍ പെരുമാറിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകനെ മര്‍ദ്ദിച്ചത്. രാജേഷ് സന്ത്രക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജാദവ്പൂര്‍ സര്‍വകലാശാലയിലെ അധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടു. 

തന്‍റെ വിദ്യാര്‍ത്ഥി ആയിരുന്നെന്ന കാരണം കൊണ്ടും തന്‍റെ അമ്മയ്ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടും സംഭവത്തില്‍ നടപടി വേണ്ടെന്നാണ് അധ്യാപകന്‍റെ നിലപാട്.