ദില്ലി: ഇന്ദിരാഗാന്ധിയെ വധിച്ച സത്‍വന്ത് സിംഗും കെഹാര്‍ സിംഗും ഒരിക്കല്‍ പോലും ചെയ്തതില്‍ ഖേദിച്ചിരുന്നില്ലെന്ന് തീഹാര്‍ ജയിലിലെ അന്നത്തെ ജയിലറായിരുന്ന സുനില്‍ ഗുപ്ത. പകരം വധശിക്ഷ ലഭിച്ചാല്‍ തങ്ങള്‍ രക്തസാക്ഷികളാകുമെന്നും അതാണ് വീരമെന്നും അവര്‍ വിശ്വസിച്ചിരുന്നതായും സുനില്‍ ഗുപ്ത പറഞ്ഞു.

സുനില്‍ ഗുപ്തയുമായി മനോജ് മോനോന്‍  നടത്തിയ, മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തീഹാര്‍ ജയിലില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടായും ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും പ്രസ് ഓഫീസറായും പ്രവര്‍ത്തിച്ചതിന്‍റെ അനുഭവത്തില്‍ നിന്നാണ് സുനില്‍ ഗുപ്ത മാധ്യമപ്രവര്‍ത്തകയായ സുനേത്ര ചൗധരിക്കൊപ്പം ബ്ലാക്ക് വാറന്‍റ് കണ്‍ഫഷന്‍സ് ഓഫ് എ തീഹാര്‍ ജയിലര്‍ എന്ന പുസ്തകം രചിച്ചിരുന്നു. ഇതിനെ അധികരിച്ചാണ് അഭിമുഖം തയ്യാറാക്കിയിരിക്കുന്നത്. 

ഒമ്പത് വര്‍ഷമായി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന ബിയാന്ത് സിംഗ് അഞ്ച് റൗണ്ടാണ് അവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് വെടിവച്ചുകൊന്നു. സത്‍വന്ത് സിംഗ് 25 റൗണ്ട് വെടിയുതിര്‍ത്തു. പരിക്കുകളോടെ ഇയാള്‍ പൊലീസ് പിടിയിലായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയതിന്‍റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കെഹാര്‍ സിംഗിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും തീഹാര്‍ ജയിലിലാണ് പ്രവേശിപ്പിച്ചത്. ഇരുവര്‍ക്കും വലിയ സുരക്ഷയാണ് ജയിലില്‍ ഒരുക്കിയിരുന്നത്. സത്‍വന്തിന് നല്‍കുന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രത്യേകം പാചക്കാരനുണ്ടായിരുന്നു. ഉണ്ടാക്കുന്ന ആഹാരം ഡോക്ടറും സുരക്ഷാ ഉദ്യോഗസ്ഥരും കഴിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും സുനില്‍ ഗുപ്ത പറഞ്ഞു. 

താന്‍ അവരോട് നിരന്തമരായി സംസാരിക്കാറുണ്ടായിരുന്നു. സത്‍വന്ത് ചെറുപ്പമായിരുന്നു. കെഹാറിന് പ്രായമുണ്ട്. ഇരുവരും ഒരിക്കലും ഇന്ദിരാഗാന്ധിയെ കൊന്നതില്‍ ഖേദിച്ചിരുന്നില്ല. മാത്രമല്ല, വധശിക്ഷ ലഭിച്ചാല്‍ തങ്ങള്‍ രക്തസാക്ഷികളാകുമെന്നും അവര്‍ വിശ്വസിച്ചു. രക്തസാക്ഷികള്‍ക്ക് പ്രത്യേക അംഗീകാരവും അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടതെല്ലാം ലഭിക്കുമെന്നും അവര്‍ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ പോലും വിശ്വസിച്ചിരുന്നു. ഇതിനിടെ സത്‍വന്തിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ശാഠ്യം പിടിച്ച പെണ്‍കുട്ടി അയാളുടെ ഫോട്ടോയില്‍ മാലയിട്ട് വിവാഹം ചെയ്യുകയും ചെയ്തിരുന്നുവെന്നും സുനില്‍ ഗുപ്ത പറഞ്ഞു.