ഇന്നലെ വൈകിട്ട് നടന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ നിന്ന് അജിത് പവാര്‍ മുങ്ങിയിരുന്നു. നാലുമണിക്കൂര്‍ അജിത് എവിടെ ഉണ്ടായിരുന്നെന്ന് ആരും അറിഞ്ഞിരുന്നില്ല. 

മുംബൈ: കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നാടകീയ നീക്കത്തിന് പിന്നില്‍ ആരെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മഹാരാഷ്ട്രയിലെ നീക്കങ്ങള്‍ക്ക് തന്‍റെ പിന്തുണയില്ലെന്നും അജിത് പവാറിന്‍റെ തീരുമാനം വ്യക്തിപരമെന്നുമാണ് ശരത് പവാര്‍‌ പറയുന്നത്. അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തിയെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നല്‍കുന്ന സൂചന. എന്നാല്‍ ശരത് പവാറിന്‍റെ കൈവിട്ട കളിയാണ് മഹാരാഷ്‍ട്രയില്‍ പുതിയ രാഷ്ട്രീയ സൗഹൃദത്തിന് തുടക്കമിട്ടതെന്ന അഭ്യൂഹവുമുണ്ട്. ഇന്നലെ വൈകിട്ട് നടന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ നിന്ന് അജിത് പവാര്‍ മുങ്ങിയിരുന്നു. നാലുമണിക്കൂര്‍ അജിത് എവിടെ ഉണ്ടായിരുന്നെന്ന് ആരും അറിഞ്ഞിരുന്നില്ല. 

ഈ നാല് മണിക്കൂറുകളില്‍ നിര്‍ണ്ണായക തീരുമാനമുണ്ടായെന്ന് വേണം കരുതാന്‍. ഇന്നലെ രാത്രി ഒന്‍പത് മണിവരെ തങ്ങളുടെ കൂടെ ഇരുന്ന് ചര്‍ച്ച നടത്തിയ പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്നും അജിത് പവാര്‍ ഛത്രപതി ശിവജിയുടെ പേരിനെ അടക്കം അപമാനിച്ചെന്നുമായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്‍റെ രൂക്ഷ പ്രതികരണം. 22 എംഎല്‍എമാരുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും സത്യപ്രതിജ്ഞ ചടങ്ങിന് മറ്റൊരു എൻസിപി നേതാവും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. അജിത് പവാറും കുടുംബാംഗങ്ങളും മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായിരുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ നിലവിലുണ്ടായ രാഷ്ട്രീയനീക്കങ്ങള്‍ എന്‍സിപിയിലെ അഭ്യന്തര കലാപത്തിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. 

ശരത് പവാറിന്‍റെ പിന്‍ഗാമിയായി അനന്തരവനായ അജിത്തിനെയാണ് പൊതുവെ പറഞ്ഞു കേട്ടിരുന്നതെങ്കിലും പവാറിന്‍റെ മകള്‍ സുപ്രിയ സുലെ ദേശീയരാഷ്ട്രീയത്തില്‍ പ്രബലയായി മാറിയത് അജിത്തിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നുവെന്നാണ് സൂചന. പവാര്‍ കുടുംബത്തില്‍ നിലനിന്നിരുന്ന ഈ അധികാരവടംവലി തിരിച്ചറിഞ്ഞ് ബിജെപി കളിച്ചത് പുതിയ രാഷ്ട്രീയ സൗഹൃദത്തിന് വഴിതെളിച്ചെന്നും കരുതാം. അതേസമയം കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത്ത് പവാറിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആർക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല, മഹാരാഷ്ട്രിയിൽ ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട് അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നുമായിരുന്നു അജിത് പവാർ വിശദീകരിച്ചത്.