ദില്ലി: സോണിയ ഗാന്ധിയോട് ഉന്നയിച്ച വിഷയങ്ങളില്‍  ഉറച്ച് നില്‍ക്കുന്നുവെന്ന് കത്ത് നല്‍കിയ നേതാക്കള്‍. കത്ത് പരസ്യപ്പെടുത്തണമെന്ന് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. ഭൂരിപക്ഷ വികാരം എതിരായെങ്കിലും  കത്തിനനുസരിച്ച് സംഘടനാ തലത്തില്‍ മാറ്റമുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മറ്റൊരാളെ പരിഗണിക്കുന്നില്ല. ക്രിയാത്മകമായ നേതൃത്വം പാര്‍ട്ടിക്ക് വേണമെന്ന കത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ്  കത്തെഴുതിയ നേതാക്കളുടെ നിലപാട്. കഴിഞ്ഞ രാത്രി ഗുലാം നബി ആസാദിന്‍റെ വീട്ടില്‍ ആനന്ദ് ശര്‍മ്മ, കപില്‍സിബല്‍, ശശിതരൂര്‍, മനീഷ്  തിവാരി തുടങ്ങിയ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. സോണിയഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നപ്പോഴാണ് കത്തെഴുതിയതെന്ന രാഹുല്‍ഗാന്ധിയുടെ നിലാപാട് നേതാക്കള്‍ തള്ളി.

സോണിയാഗാന്ധി ആശുപത്രിയില്‍ നിന്ന് വന്ന ശേഷം അവരുടെ   ഓഫീസിന്‍റെ അനുമതിയോടെയാണ്  കത്ത് നല്‍കിയത്. ആ സമയം അവര്‍ ആരോഗ്യവതിയായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പദവിയല്ല രാജ്യമാണ് മുഖ്യം എന്ന ട്വിറ്റര്‍ പോസ്റ്റിലൂടെ നിലപാടില്‍ മാറ്റമില്ലെന്ന് കപില്‍സിബലും വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ എഐസിസി ചേരാനുള്ള  തീരുമാനം കത്തിന്‍റെ പശ്ചാത്തലത്തിലാണെന്നാണ് നേതാക്കളുടെ വാദം. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്നാണ്  തീരുമാനം. എന്നാല്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍  നേതാക്കളില്‍ നിന്ന് പാടില്ലെന്ന പ്രവര്‍ത്തക സമിതിയുടെ കര്‍ശന നിര്‍ദ്ദേശം അവര്‍ക്കുള്ള കടിഞ്ഞാണ്.