Asianet News MalayalamAsianet News Malayalam

വഞ്ചകരെ തിരികെയെടുക്കില്ല; വിമതർക്ക് മുന്നിൽ വാതിലുകൾ അടച്ച് ശിവസേന

പാർട്ടിയിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ദും ഇന്ന് വിമതരോടൊപ്പം ചേർന്നു.
 

fraudsters will not be taken back shiv  sena closes doors in front of rebels
Author
Mumbai, First Published Jun 26, 2022, 4:31 PM IST

മുംബൈ: വഞ്ചകരായ വിമതരെ ഇനി പാര്‍ട്ടിയിലേക്ക് തിരികെ എടുക്കില്ലെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. പാർട്ടിയിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നവരെ തടയില്ലെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ദും ഇന്ന് വിമതരോടൊപ്പം ചേർന്നു.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അയോഗ്യരാക്കപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ വിമതർ സജീവമാക്കിയിട്ടുണ്ട്. ഡെപ്യുട്ടി സ്പീക്കർ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി ഗവർണറെ സമീപിക്കാനാണ് തീരുമാനം. പ്രത്യേക ബ്ലോക്കായി നിയമസഭയിൽ നിൽക്കണമെങ്കിൽ ഏതെങ്കിലും പാർട്ടിയിൽ ചേരണമെന്നാണ് ഷിൻഡെ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. 

ഏകനാഥ് ഷിൻഡെയെ ശിവസേന നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ  കോടതിയെ സമീപിക്കാൻ വിമതർ തീരുമാനിച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെടാതിരിക്കാൻ നോട്ടീസിന് മറുപടി നൽകാൻ ഡെപ്യുട്ടി സ്പീക്കർ കുറഞ്ഞത് 7 ദിവസമെങ്കിലും സമയം നൽകണമെന്നും വിമതർ ആവശ്യപ്പെട്ടു. 

കോവിഡ് മുക്തനായ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കൊഷിയാരി ഔദ്യോഗിക ചുമതലകളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിമതർ നീക്കങ്ങൾ തുടങ്ങിയത്. തങ്ങളാണ് യഥാർത്ഥ ശിവസേനയെന്നു അവകാശപ്പെട്ടു നേരത്തെ ഷിൻഡെ വിഭാഗം കത്തയച്ചെങ്കിലും എൻസിപി നേതാവായ  ഡെപ്യുട്ടി സ്പീക്കർ നർഹരി സിർവാള് അംഗീകരിച്ചിരുന്നില്ല. 16 എംഎൽഎമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഉദ്ധവ് വിഭാഗം നൽകിയ കത്തിന് തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വിമതരോട് ആവശ്യപ്പെടുകയും ചെയ്തു. 

ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നുകാട്ടി ഗവർണർക്ക് പരാതി നൽകാനാണ് ഏകനാഥ്‌ ഷിൻഡെയുടെ നീക്കം. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്ന് വിമതർ ആവർത്തിച്ച് പറയുമ്പോഴും ഏതെങ്കിലും പാർട്ടിയിൽ ചേരാതെ നിയമപരമായി നിലനില്പില്ലെന്നാണ് ലഭിച്ച നിയമോപദേശം. ബിജെപിയിൽ ചേരില്ലെന്നു ഷിൻഡെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ചെറുപാർട്ടിയിലേക്ക്  കൂടുമാറി സർക്കാർ രൂപീകരിക്കാൻ ബിജെപിയെ പിന്തുണയ്ക്കാനും വിമതർ ആലോചിക്കുന്നുണ്ട്. അതേസമയം അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കർശന ജാഗ്രത തുടരുകയാണ്. മുംബൈയിൽ ജൂൺ 30 വരെയാണ് നിരോധനാജ്ഞ. 

നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാരും ആശങ്കയിലാണ്. നിലനിൽപ്പിനായുള്ള തീരുമാനമെടുക്കാൻ ഏകനാഥ്‌ ഷിൻഡെയ്ക്ക് മേൽ ഇതോടെ സമ്മർദ്ദവും ശക്തമാവുകയാണ്.  സുരക്ഷാ ഭീഷണി മുൻനിർത്തി വിമത എംഎൽഎമാരുടെ സുരക്ഷ കേന്ദ്രസർക്കാർ കൂട്ടിയിട്ടുണ്ട്. 15 എംഎൽഎ മാർക്ക് വൈ പ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

Read Also: വിമത എംഎല്‍എമാരുടെ ഭാര്യമാരുമായി സംസാരിക്കാന്‍ ഉദ്ധവ് താക്കറെയുടെ ഭാര്യ രംഗത്ത്

Follow Us:
Download App:
  • android
  • ios