മുംബൈ: മഹാരാഷ്ട്രയിലെ കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സൌജന്യ റേഷനും അവശ്യ സേവനങ്ങളും നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണിനെത്തുടര്‍ന്ന് ദുരിതത്തിലായ ലൈംഗികത്തൊഴിലാളികള്‍ക്ക് സഹായം നല്‍കണമെന്ന നിരന്തര ആവശ്യത്തിന് പിന്നാലെയാണ് തീരുമാനം. പട്ടിണിയുടെ വക്കിലായ ഇവര്‍ക്ക് മാസങ്ങള്‍ വൈകിയാണ് സഹായമെത്തുന്നതെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൈംഗികവൃത്തി തൊഴിലായ സ്വീകരിച്ച ഇവരുടെ വരുമാനമാര്‍ഗം ലോക്ക്ഡൌണും കൊവിഡ് 19 വ്യാപനം മൂലം നിലച്ചിരുന്നു. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ മറ്റ് തൊഴിലുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലുമായി ഇവരില്‍ പലരും. പട്ടിണിയല്ലാതെ മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെയാണ് ഇവര്‍ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ചത്. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്‍റേതാണ് തീരുമാനം. അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും റേഷനും മറ്റ് അവശ്യസേവനങ്ങളും ഉടനടി ലഭ്യമാക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് നിര്‍ദ്ദ്ശത്തില്‍ വ്യക്തമാക്കി.

നാലുമാസം വൈകിയാണെങ്കിലും സഹായം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനത്തെ ലൈംഗികത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വാഗതം ചെയ്തു. വാടക ഇളവ് ചെയ്ത് തരുന്ന വിഷയം കൂടി പരിഗണിക്കണമെന്ന് സംഘടകള്‍ ആവശ്യപ്പെടുന്നു.