ബിഹാ‍ർ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നി‍ർമ്മല സീതാരാമനാണ് കൊവിഡ് വാക്സിൻ്റെ കാര്യം പറഞ്ഞത്. 

പാറ്റ്ന: ബിഹാറിൽ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമാകുന്നു. ബിഹാർ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ മോദി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയിലാണ് ഇപ്പോഴും പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിൻ്റെ കാര്യം പറയുന്നത്. കൊവിഡ് വാക്സിൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോ​ഗിക്കുന്നുവെന്ന ആക്ഷേപമുയ‍ർന്നതോടെ ബിജെപി നേതൃത്വം വാ​ഗ്ദാനത്തിൽ വിശദീകരണവുമായി രം​ഗത്ത് എത്തി. 

ബിഹാ‍ർ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നി‍ർമ്മല സീതാരാമനാണ് കൊവിഡ് വാക്സിൻ്റെ കാര്യം പറഞ്ഞത്. കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദനം തുടങ്ങിയാൽ പിന്നെ എത്രയും പെട്ടെന്ന് ബീഹാറിലെ എല്ലാവ‍ർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യും. ‍ഞങ്ങളുടെ പ്രകടന പത്രികയിലെ പ്രധാന ഉറപ്പാണ് ഇത് - നി‍ർമ്മല പറഞ്ഞു. 

സംഭവം വിവാദമായതോടെ വിമർശനവുമായി മറ്റു പാർട്ടികൾ രംഗത്ത് എത്തി. ബിജെപിയുടെ കൊവിഡ് വാക്സിൻ വാഗ്ദാനത്തെ പരിഹസിച്ച നാഷണൽ കോൺഫറനസ് നേതാവ് ഒമർ അബ്ദുള്ള സ്വന്തം ഫണ്ടിൽ നിന്നും പണമെടുത്ത് വാക്സിൻ വാങ്ങിയാണോ ബിജെപി ജനങ്ങൾക്ക് വിതരണം ചെയ്യുക എന്നു ചോദിച്ചു. ബിഹാറിലെ ജനങ്ങൾക്ക് സൗജന്യമായും മറ്റു സംസ്ഥാനങ്ങളിലുള്ളവ‍ർ പണം കൊടുത്തോ വാക്സിൻ വാങ്ങേണ്ടി വരുമോയെന്നും ഒമർ ചോദിച്ചു.

കൊവിഡ് വാക്സിൻ വാ​ഗ്ദാനത്തെ വിമ‍ർശിച്ച ആം ആദ്മി പാ‍ർട്ടി ബിജെപി ഇതര പാ‍ർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്ങനെയാണ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. ബിജെപിക്ക് വോട്ടു ചെയ്യാത്ത ഇന്ത്യക്കാ‍ർക്ക് സൗജന്യ വാക്സിൻ കിട്ടില്ലേയെന്നും ഔദ്യോ​ഗിക ട്വിറ്റ‍ർ ഹാൻഡിലിലൂടെ ആം ആദ്മി പാ‍ർട്ടി ചോദിച്ചു. 

വാക്സിൻ വാ​ഗ്ദാനം തിരിച്ചടച്ചതോടെ വിശദീകരണവുമായി ബിജെപി തന്നെ രം​ഗത്ത് എത്തി. ബിഹാറിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്നും ബിഹാറിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു. ആരോ​ഗ്യക്ഷേമം സംസ്ഥാന സ‍ർക്കാരിൻ്റെ അധികാരത്തിൽ വരുന്ന വിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

Scroll to load tweet…
Scroll to load tweet…