ദില്ലി പൊലീസ് തിങ്കളാഴ്ച്ചയാണ് ഇരുമ്പ് പലകകളില്‍ ആയി മുള്ളുകളും ആണികളും റോഡില്‍ സ്ഥാപിച്ചത്. സിമന്‍റ് ഭിത്തികളും മുള്ളുവേലികളും അടക്കം നിരവധി നിരകളിലായി റോഡില്‍ ബാരിക്കേഡ് നിരത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. 

ദില്ലി ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയായ ഗാസിപൂര്‍ ഇന്ന് സാക്ഷിയായത് നാടകീയ സംഭവങ്ങള്‍ക്ക്. കര്‍ഷകരെ അകറ്റി നിര്‍ത്താനായി ദില്ലി പൊലീസ് സ്ഥാപിച്ച നിരവധി നിരകളുള്ള ബാരിക്കേഡുകള്‍ക്ക് സമീപത്തേക്ക് സമരം ചെയ്യുന്ന കര്‍ഷകരെത്തി. ഗാസിയാബാദില്‍ നിന്നെത്തിയ രണ്ട് ട്രക്കുകളും ഭാരതീയ കിസാന്‍ യൂണിയന്‍റെ ദേശീയ വക്താവ് രാകേഷ് ടികായത്തിനൊപ്പമുണ്ടായിരുന്നു. വലിയ ആഘോഷമായാണ് ഈ ട്രക്കുകള്‍ക്ക് കര്‍ഷകര്‍ നല്‍കിയത്. പൂച്ചെടികള്‍ അടങ്ങിയ ഒരു വാഹനവും ഇവരെ അകമ്പടി ചെന്നു.

ദില്ലി പൊലീസ് തിങ്കളാഴ്ച്ചയാണ് ഇരുമ്പ് പലകകളില്‍ ആയി മുള്ളുകളും ആണികളും റോഡില്‍ സ്ഥാപിച്ചത്. സിമന്‍റ് ഭിത്തികളും മുള്ളുവേലികളും അടക്കം നിരവധി നിരകളിലായി റോഡില്‍ ബാരിക്കേഡ് നിരത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. സമരത്തിലിരിക്കുന്ന കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിക്കാതിരിക്കാനായിരുന്നു ഈ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇരുമ്പ് ആണികള്‍ ദില്ലി പൊലീസ് പിന്നീട് നീക്കിയിരുന്നു.

ഈ ബാരിക്കേഡുകളിലേക്ക് ട്രെക്കുകളിലെത്തിച്ച മണ്ണുമായി കര്‍ഷകരെത്തി. റോഡില്‍ സ്ഥാപിച്ചിരുന്ന ആണികള്‍ക്ക് സമീപത്തായി മണ്ണിട്ട് പൂച്ചെടികള്‍ നട്ടു. ആണികള്‍ നിറഞ്ഞ റോഡിന് മൊത്തത്തില്‍ ഒരു പൂന്തോട്ടമാക്കിയ ശേഷമാണ് സമരത്തിലിരിക്കുന്ന കര്‍ഷകര്‍ പ്രതിഷേധ വേദിയിലേക്ക് മടങ്ങിയത്. ദില്ലിയിലേക്ക് കടക്കാതിരിക്കാനായി റോഡില്‍ ആണികള്‍ പാകിയ പൊലീസിനുള്ള മറുപടിയാണ് ഈ പൂച്ചെടികളെന്നാണ് കര്‍ഷകരുടെ നിലപാട്.

തങ്ങളുടെ വഴികളില്‍ ആണികള്‍ പാകിയ അധികാരികള്‍ക്ക് പൂക്കള്‍ കൊണ്ട് മറുപടി നല്‍കാനാണ് തീരുമാനമെന്നാണ് പ്രവര്‍ത്തിയേക്കുറിച്ച് രാകേഷ് ടികായത് പ്രതികരിച്ചത്. ഗ്രാമങ്ങളില്‍ നിന്ന് ചെടികള്‍ നനയ്ക്കാനുള്ള വെള്ളവും കര്‍ഷകര്‍ കൊണ്ടുവന്നിരുന്നു. വിളവ് ഉല്‍പാദിപ്പിക്കുന്നതില്‍ വദഗ്ധരായ കര്‍ഷകര്‍ സമര വേദികളിലും കൃഷി ചെയ്തിരുന്നു.