ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായുള്ള ഓര്‍മ്മകള്‍ പങ്കിട്ട് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര. 2002 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെയുണ്ടായ സംഭവാണ് സംഗക്കാര സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാറ്റ് ഷോയില്‍ പറഞ്ഞത്. 'പിച്ചിലെ അപകട മേഖലയിലൂടെ റസ്സല്‍ ആര്‍നോള്‍ഡ് തുടര്‍ച്ചയായി ഓടിയത് ഗാംഗുലിയെ ചൊടിപ്പിച്ചു. അമ്പയര്‍ ഇടപെടും മുമ്പേ ഇരുവരും വാക്കേറ്റമുണ്ടായി. അതിന് മുമ്പും ഗാംഗുലി താക്കീത് നേരിട്ടിരുന്നു. 
അന്നത്തെ സംഭവത്തിന് ശേഷം ദാദ ഞങ്ങളുടെ ഡ്രസിംഗ് റൂമിലെത്തി പ്രശ്‌നമുണ്ടാക്കരുതെന്ന് പരാതി നല്‍കി സസ്‌പെന്‍ഷന്‍ വാങ്ങത്തരരുതെന്നും അഭ്യര്‍ത്ഥിച്ചു'-സംഗക്കാര പറഞ്ഞു.  

പ്രശ്‌നം കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ദാദയെ ആശ്വസിപ്പിച്ചാണ് തിരിച്ചയച്ചതെന്നും സംഗക്കാര പറഞ്ഞു. അന്നത്തെ മത്സരം മഴമൂലം തടസ്സപ്പെട്ടിരുന്നു. റിസര്‍വ് മത്സരം മഴയെടുത്തതോടെ ഇരു ടീമും സംയുക്ത ജേതാക്കളായി. ഗാംഗുലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംഗക്കാര വാചാലനായി. 'ദാദയെ അടുത്തറിയുന്ന വ്യക്തിയാണ് താന്‍. വര്‍ഷങ്ങളുടെ ബന്ധമുണ്ട്. അദ്ദേഹത്തെ ദാദയെന്ന് വിളിക്കാന്‍ സന്തോഷമുള്ള കാര്യമാണ്. കളത്തില്‍ മത്സര ബുദ്ധിയോടെ പെരുമാറുമെങ്കിലും പുറത്ത് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് ഗാംഗുലി'-സംഗക്കാര പറഞ്ഞു.