കര്‍ണാല്‍: ബിരുദ പഠനം പൂര്‍ത്തിയാവുന്നതിനൊപ്പം പെണ്‍കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പാസ്പോര്‍ട്ട് ലഭിക്കാനുള്ള നടപടികള്‍ കോളേജില്‍ നിന്ന് പൂര്‍ത്തികരിക്കാനാവുന്ന രീതിയില്‍ ക്രമീകരിക്കുമെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ ശനിയാഴ്ട വ്യക്തമാക്കി. ബിരുദത്തിനൊപ്പം വിദ്യാര്‍ഥിനികള്‍ക്ക് പാസ്പോര്‍ട്ടും ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ഖട്ടര്‍ വിശദമാക്കിയത്. 

പെണ്‍കുട്ടികളെ ഉന്നത വിദ്യഭ്യാസത്തിന് അയക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നടപടിയെ നിരീക്ഷിക്കുന്നത്. ഹരിയാനയില്‍ ലേണേഴ്സ് ലൈസന്‍സും സൌജന്യ ഹെല്‍മറ്റും നല്‍കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരിയാന മുഖ്യമന്ത്രി. ട്രാഫിക് നിയമങ്ങളേക്കുറിച്ച് കൃത്യമായ ധാരണ വിദ്യാര്‍ഥികള്‍ക്കുണ്ടാവണമെന്ന് ഖട്ടര്‍ പറഞ്ഞതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. സൌജന്യമായി ഹെല്‍മെറ്റഅ വിതരണം ചെയ്യുന്നതിന് രാഷ്ട്രീയ ലാഭമില്ലെന്നും എന്നാല്‍ ജനത്തിന് ദീര്‍ഘനാളത്തേക്ക് ഉപകാരപ്പെടുന്നതാണെന്നും ഖട്ടര്‍ പറയുന്നു. 

രാജ്യത്ത് ദിവസവും 1300ഓളം റോഡപകടങ്ങളാണ് ഉണ്ടാവുന്നത്. ഇതില്‍ ജീവഹാനി സംഭവിക്കുന്നവരില്‍ ഏറിയ പങ്കും ആളുകള്‍ക്കും ഹെല്‍മെറ്റ് കാണാറില്ലെന്നും ഹരിയാന മുഖ്യമന്ത്രി വിശദമാക്കുന്നു. ഹരിയാനയില്‍ നിത്യവുമുണ്ടാകുന്ന റോഡപകടങ്ങളില്‍ പത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകളെന്നും ഖട്ടര്‍ പറയുന്നു.