Asianet News MalayalamAsianet News Malayalam

'പാകിസ്ഥാനിലേക്ക് പോകൂ', മുസ്ലിം പൗരൻമാരോട് ആക്രോശിച്ച് യുപിയിലെ എസ്‍പി - വീഡിയോ

എസ്‍പി റാങ്കിലുള്ള മുതിർന്ന പൊലീസുദ്യോഗസ്ഥൻ അഖിലേഷ് നാരായൺ സിംഗാണ് മീററ്റിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ കൊടും വർഗീയ പരാമർശങ്ങൾ നടത്തുന്നത്.

go to pakistan on video up police cop makes extremely communal comments
Author
Meerut, First Published Dec 28, 2019, 12:45 PM IST

ലഖ്‍നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വലിയ അക്രമങ്ങൾ അരങ്ങേറിയ മീറ്ററിൽ, മുസ്ലിം ഭൂരിപക്ഷ മേഖലയിലെത്തി, പൗരൻമാരോട് തീർത്തും വർഗീയ പരാമർശങ്ങൾ നടത്തിയ പൊലീസുദ്യോഗസ്ഥന്‍റെ വീഡിയോ പുറത്ത്. മീററ്റിന്‍റെ നഗരപരിധിയിൽ എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ അഖിലേഷ് നാരായൺ സിംഗാണ് മുസ്ലിം പൗരൻമാരോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്ന് ആക്രോശിക്കുന്നു. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം മീററ്റിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വൻ സംഘർഷമാണ് അരങ്ങേറിയത്. 

നാരായൺ സിംഗ് ഒരു മുസ്ലിം ഗലിയിലെത്തി, തലയിൽ തൊപ്പി വച്ച, മുസ്ലിം പൗരനോട് ആക്രോശിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഗലിയിലെ മുതിർന്ന മുസ്ലിം പൗരൻമാരോട് നാരായൺ സിംഗ് പറയുന്നതിങ്ങനെയാണ്. ''നിങ്ങളോട് പറയുകയാണ് ഞാൻ, ഓർത്തോ, അവരോടും പറഞ്ഞോ, ഇങ്ങനെ ഇവിടെ നിൽക്കണ്ട. പാകിസ്ഥാനിലേക്ക് പൊയ്ക്കോ. നിങ്ങളുടെ ഭാവി സെക്കന്‍റുകൾക്കുള്ളിൽ ഇരുളിലാക്കാൻ ഞങ്ങൾക്ക് കഴിയും. കയ്യിൽ കറുപ്പോ, മഞ്ഞയോ ബാൻഡ് കെട്ടിയവരൊക്കെ പാകിസ്ഥാനിലേക്ക് പോ. ഇന്ത്യയിൽ ജീവിക്കണ്ടേ? വേണ്ടെങ്കിൽ പോ പാകിസ്ഥാനിലേക്ക്. ഇവിടെ ജീവിച്ച് വേറെ ആരെയെങ്കിലും വാഴ്‍ത്തിപ്പാടാൻ ഉദ്ദേശിച്ചാൽ അത് നടപ്പില്ല. പറ ആ ****-ഓട്. (അസഭ്യം പറയുന്നു) ഞാൻ ചിത്രമെടുത്തിട്ടുണ്ട്. അതൊക്കെ ഞാൻ പരിശോധിക്കും. അവർ ഓരോരുത്തരോടും ***** പറ (അസഭ്യം) ഈ ഇടവഴി ഞാൻ ഓർത്തു വയ്ക്കുന്നുണ്ട്. മനസ്സിലാക്കിക്കോ. എനിക്കിവിടെ കയറി വരണമെങ്കിൽ നിങ്ങളുടെയൊക്കെ അമ്മൂമ്മയുടെ അടുത്ത് വരെ വരാൻ പറ്റും. മനസ്സിലാക്കിക്കോ. ***** നിങ്ങൾക്കിതിനൊക്കെ വില കൊടുക്കേണ്ടി വരും. എല്ലാ എണ്ണത്തിനെയും നശിപ്പിക്കാൻ എനിക്കറിയാം. ഓരോ വീട്ടിലെയും ആണുങ്ങളെ ജയിലിലിടാൻ എനിക്കറിയാം'', എന്ന് പറഞ്ഞ് രോഷത്തോടെ തിരിഞ്ഞ് നടക്കുന്ന നാരായൺ സിംഗിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 

മീററ്റ് ജില്ലയിലെ ക്രമസമാധാനപാലനത്തിനുള്ള പൊലീസ് സംവിധാനത്തിൽ രണ്ടാമനാണ് അഖിലേഷ് നാരായൺ സിംഗ്. കയ്യിൽ റയട്ട് പൊലീസിന്‍റെ ലാത്തിയുമായാണ് എസ്‍പി പൗരൻമാരെ ഭീഷണിപ്പെടുത്തുന്നത്. വീഡിയോയിൽ വൻ പൊലീസ് സംഘവും എസ്‍പിക്ക് ഒപ്പമുണ്ടെന്ന് കാണാം.

തലയിൽ തൊപ്പിവച്ച മുസ്ലിം പൗരൻമാരെയാണ് എസ്‍പി ഭീഷണിപ്പെടുത്തുന്നത്. എസ്‍പി സംസാരിക്കുന്നതിനിടെ, ''ഞങ്ങൾ നിസ്കരിക്കുക മാത്രമായിരുന്നു'', എന്ന് ഈ മുസ്ലിം പൗരൻമാർ മറുപടി പറയുന്നതും കേൾക്കാം. കടുത്ത വർഗീയ പരാമർശങ്ങൾ നടത്തുമ്പോൾ, ചുറ്റും പൊലീസ് വലയത്തിൽ നിൽക്കുന്ന മുസ്ലിം പൗരൻമാർക്ക് ''നിങ്ങൾ പറയുന്നത് ശരിയാണ്'', എന്ന് മാത്രമേ തിരികെ പറയാനാകുന്നുള്ളൂ. 

എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം വർഗീയ പരാമർശങ്ങൾ അഖിലേഷ് നാരായൺ സിംഗ് പറയുന്നത് എന്നത് വ്യക്തമല്ല. പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതുകൊണ്ടാണ് താൻ ഇത്തരം പരാമർശങ്ങൾ നടത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് നാരായൺ സിംഗ് വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, ക്രമസമാധാനപാലനത്തിന്‍റെ ചുമതലയുള്ള ഒരു പൊലീസുദ്യോഗസ്ഥൻ പൗരൻമാരോട് ഇത്തരം പരാമർശങ്ങൾ നടത്തുന്നതിലെ തെറ്റാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സ്ഥലത്ത് നിന്ന് വലിയ തോതിൽ പൊലീസിന് നേരെ കല്ലേറുണ്ടായെന്നും, അക്രമം അഴിച്ചുവിട്ടത് ഇവിടെയുള്ളവരാണെന്നും മീററ്റ് പൊലീസ് വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ പേർ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിൽ മരിച്ചത് മീററ്റിലാണ്. പലരും മരിച്ചത് നെഞ്ചിന് മുകളിൽ വെടിയുണ്ടയേറ്റിട്ടാണ്. മീററ്റ് പൊലീസാണ് വെടിവച്ചതെന്ന ആരോപണമുയർന്നിട്ടും, അത് പൊലീസ് തള്ളിക്കളയുകയായിരുന്നു. പകരം പ്രതിഷേധക്കാരുടെ വീഡിയോ പുറത്തുവിട്ടു. എന്നാൽ ഇത് എവിടെ നിന്ന് പകർത്തിയതാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടുമില്ല. 

ഉത്തർപ്രദേശിൽ നിന്ന് പൗരൻമാരോട് പൊലീസ് വർഗീയ പരാമർശം നടത്തുന്നതായി പുറത്തുവരുന്ന ആദ്യ വീഡിയോ അല്ല ഇത്. കാൻപൂരിലും സമാനമായ രീതിയിൽ പൊലീസുകാർ ജനങ്ങൾക്ക് നേരെ ആക്രോശിക്കുകയും ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. പൊലീസ് വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 

ഉത്തർപ്രദേശിൽ ജനങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. ശക്തമായ പൊലീസ് നടപടി ഓരോ പ്രതിഷേധക്കാരനെയും ഞെട്ടിച്ചു, നിശ്ശബ്ദരാക്കി, അതാണ് വിജയം എന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios