ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ഭാഗമാക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉന്നത വൃത്തങ്ങള്‍. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഐഎയും വിദേശകാര്യമന്ത്രാലയവും ഇതുവരെയും യുഎഇയെ സമീപിച്ചിട്ടില്ലെന്നാണ് സൂചന. സ്വര്‍ണ്ണക്കടത്തില്‍ യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒരു വിവരവും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.

സ്വര്‍ണ്ണക്കടത്ത് കേസില്‍  വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഉന്നത വ്യക്തികളുടെയും , കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥരുടെയും പങ്ക് പുറത്ത് കൊണ്ടുവരണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെത്തിയ എന്‍ഐഎ സംഘത്തിന് മതിയായ വിവരം ലഭ്യമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. നയതന്ത്ര നീക്കത്തിലൂടെ ഇക്കാര്യം സാധ്യമാക്കാനുള്ള നടപടികള്‍ എന്‍ഐഎ നടത്തുന്നുവെന്ന സൂചനകളുണ്ടായിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയവുമായി ഇനിയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

വിദേശത്തു നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൽ അന്വേഷണ ഏജൻസിയും വലിയ താല്‍പര്യം കാട്ടുന്നില്ല. സഹകരണം ആവശ്യപ്പെട്ട് കേന്ദ്രം യുഎഇക്ക് ആദ്യം ഒരു കത്ത് നല്കിയതല്ലാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് പിന്നീട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച യുഎഇ സര്‍ക്കാരും മെല്ലെപ്പോക്കിലാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിരുന്നു.

ചുരുക്കത്തില്‍ എന്‍ഐഎ ഇരുട്ടില്‍ തപ്പുകയാണ്. പാഴ്സല്‍ സ്വീകരിച്ചവരിൽ മാത്രം അന്വേഷണം ഒതുങ്ങുമ്പോള്‍ ഒരു രാജ്യത്തിൻറെ നയതന്ത്ര സംവിധാനത്തിന് കള്ളക്കടത്തിൽ പങ്കുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമില്ല.