ഗാസിയാബാദ്: കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങള്‍ ശരീരത്തിലണിഞ്ഞ് പ്രശസ്തനായ ഗോള്‍ഡന്‍ ബാബയെന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ വീണ്ടുമെത്തുന്നു. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി ഗോള്‍ഡന്‍ ബാബയെ പരിപാടികളില്‍ കണ്ടിരുന്നില്ല. ഈ വര്‍ഷം നടക്കുന്ന കന്‍വാര്‍ യാത്രയില്‍ 14 കിലോ സ്വര്‍ണമണിഞ്ഞ് ഗോള്‍ഡന്‍ ബാബ തിരിച്ചെത്തും. കഴിഞ്ഞ വര്‍ഷം 20 കിലോ സ്വര്‍ണമായിരുന്നു ഗോള്‍ഡന്‍ ബാബ അണിഞ്ഞത്. 

ശാരീരികമായ പ്രശ്നങ്ങളാല്‍ കഴിഞ്ഞ വര്‍ഷത്തെ കന്‍വാര്‍ യാത്രയോടെ അവസാനിപ്പിക്കാമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. കഴുത്തില്‍ രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഭഗവാന്‍ ശിവന്‍റെ അനുഗ്രഹത്താല്‍ ഇത്തവണ വീണ്ടും യാത്ര നടത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് കുറച്ച്, 14 കിലോ സ്വര്‍ണമാണ് ഇക്കുറി അണിയുക. ഭാരമേറിയ സ്വര്‍ണമാലകള്‍ അണിയാന്‍ സാധിക്കാത്തതിനാലാണ് തൂക്കം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. 

തന്‍റെ ആഡംബര എസ് യു വി കാറില്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ കൂടിയാണ് ഗോള്‍ഡന്‍ ബാബ കാന്‍വാര്‍ യാത്ര എല്ലാ വര്‍ഷവും നടത്തുക. എട്ട് ആഡംബരക്കാറുകളും ഗോള്‍ഡന്‍ ബാബയെ യാത്രയില്‍ അനുഗമക്കും. പൊലീസ് സുരക്ഷക്ക് പുറമെ, സ്വകാര്യ സുരക്ഷാ സംഘങ്ങളുടെയും അകമ്പടിയോടെയായിരിക്കും ഗോള്‍ഡന്‍ ബാബയുടെ യാത്ര.