ദില്ലി: രാജ്യത്ത് 2021 ലേക്കുള്ല കലണ്ടറുകളും ഡയറികളും അച്ചടിക്കുന്നതിന് കേന്ദ്രം വിലക്കേർപ്പെടുത്തി. വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും പതിവായി തയ്യാറാക്കി വന്നിരുന്നവ ഇനി മുതൽ ഡിജിറ്റലായി തയ്യാറാക്കാനാണ് നിർദ്ദേശം. ലോകം വളരെയധികം സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന കാലത്ത് കാര്യക്ഷമവും സാമ്പത്തികമായി മെച്ചപ്പെട്ടതും ഡിജിറ്റൽ രൂപമാണെന്ന് സർക്കാർ സമർത്ഥിക്കുന്നു.

സർക്കാർ വകുപ്പുകൾക്ക് പുറമെ സ്വതന്ത്ര അധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലും അച്ചടിക്ക് വിലക്കുണ്ട്. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. കലണ്ടർ, ഡെസ്ക്ടോപ് കലണ്ടർ, ഡയറി, ആഘോഷ സമയത്തെ ആശംസ കാർഡുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിവയൊന്നും അച്ചടിക്കേണ്ടെന്നാണ് നിലപാട്. എക്സ്പെന്റിച്ചർ വിഭാഗം സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വിഭാഗങ്ങളും ഈ ഉത്തരവ് പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.