Asianet News MalayalamAsianet News Malayalam

വിമാനം വൈകിയാൽ ടിക്കറ്റ് തുക തിരിച്ചു നൽകും; യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള പാസഞ്ചര്‍ ചാര്‍ട്ടര്‍ പുറത്തുവിട്ടു

വിമാനാപകടത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ അവർക്ക് 20 ലക്ഷം രൂപ വിമാന കമ്പനികള്‍ നൽകണം. 
 

government release new passenger rules
Author
Delhi, First Published Feb 28, 2019, 8:31 PM IST

ദില്ലി: വിമാന യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ പുറത്തു വിട്ടു. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് പാസഞ്ചര്‍ ചാര്‍ട്ടര്‍ പുറത്തുവിട്ടത്. കൃത്യസമയത്ത് വിമാനം വാരാതിരിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് ലഭ്യമാകേണ്ട അവകാശങ്ങളെ കുറിച്ചും സൗകര്യങ്ങളെ പറ്റിയുമാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. 

ഇതിൻ പ്രകാരം വിമാനം നാല് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ യാത്രികര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്. ആറ് മണിക്കൂറിലേറെ വൈകിയാല്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായും 
യാത്രക്കാർക്ക് മടക്കി നല്‍കണം. രാത്രി എട്ടിനും പുലര്‍ച്ചെ മൂന്നിനും ഇടക്കുള്ള വിമാനം ആറ് മണിക്കൂറിലേറെ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രികര്‍ക്ക്  താമസ സൗകര്യവും നല്‍കിയിരിക്കണം.

ആറ് മണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കിൽ  24 മണിക്കൂര്‍ മുൻപെങ്കിലും യാത്രക്കാരെ വിവരം അറിയിച്ചിരിക്കണം.  വിമാനം റദ്ദാക്കുകയാണെങ്കില്‍ രണ്ടാഴ്ച്ച മുൻപെങ്കിലും വിവരം യാത്രികരെ അറിയിക്കണം. കൂടാതെ ടിക്കറ്റ് തുക മടക്കി നല്‍കുകയോ മറ്റേതെങ്കിലും വിമാനത്തില്‍ യാത്രാ സൗകര്യം ഏർപ്പെടുത്താനും  കമ്പനികള്‍ ബാധ്യസ്ഥരാണ്. യാത്രക്കാർക്ക് കണക്ഷന്‍ ഫ്ളൈറ്റില്‍ കയറാനാകാതെ വന്നാല്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.

ആഭ്യന്തര യാത്രകളില്‍ യാത്രികര്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ ഈടാക്കിയ നികുതി, പാസഞ്ചര്‍ സര്‍വീസ് ഫീസ് എന്നിവ വ്യോമയാന കമ്പനികള്‍ തിരിച്ചു നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണ്. വിമാനാപകടത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ അവർക്ക് 20 ലക്ഷം രൂപ വിമാന കമ്പനികള്‍ നൽകണം. 

Follow Us:
Download App:
  • android
  • ios