Asianet News MalayalamAsianet News Malayalam

തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്

റിപ്പബ്ലിക് ദിനപരിപാടിയിലെ തന്‍റെ പ്രസംഗത്തിന്‍റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു

Governor Government fight in Telangana
Author
First Published Jan 20, 2023, 6:31 PM IST

ഹൈദരാബാദ്: തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ. റിപ്പബ്ലിക് ദിനപരിപാടിയിലെ തന്‍റെ പ്രസംഗത്തിന്‍റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. കഴി‌ഞ്ഞ വർഷം തെലങ്കാനയിൽ മുഖ്യമന്ത്രിയും ഗവർണറും രണ്ടായാണ് റിപ്പബ്ലിക് ദിന പരിപാടി നടത്തിയത്.

ബുധനാഴ്ച ഖമ്മത്ത് കെസിആറിന്‍റെ ബിആർഎസ് നടത്തിയ മെഗാറാലിയിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരായ പിണറായി വിജയനും അരവിന്ദ് കെജ്‍രിവാളും ഗവർണർമാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഇതിന് പിന്നാലെയാണ് തെലങ്കാനയിൽ ഗവർണറും സർക്കാരും തമ്മിൽ പോര് കടുക്കുന്നത്. റിപ്പബ്ലിക് ദിനപരിപാടി നടത്തുന്നുണ്ടെങ്കിൽ അറിയിക്കണമെന്നും, പ്രസംഗത്തിന്‍റെ ഉള്ളടക്കം എന്തെന്ന് വ്യക്തമാക്കി പകർപ്പ് നേരത്തേ അയച്ചു തരണമെന്നുമാണ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. എന്നാലിതിന് സംസ്ഥാനസർക്കാർ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. 

കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തിൽ വലിയ പരിപാടി നടത്താൻ സംസ്ഥാനസർക്കാർ വിസമ്മതിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിലായിരുന്നു കഴിഞ്ഞ വർഷം പതാക ഉയർത്തൽ. ഇതിൽ പങ്കെടുക്കാതെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാജ്ഭവനിൽ പതാക ഉയർത്തി. തെലങ്കാനയിൽ റിപ്പബ്ലിക് ദിനപരേഡ് സാധാരണ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവർണർ പതാക ഉയർത്തും. ഇത്തവണ പരേഡ് ഗ്രൗണ്ട്‍സിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്‍ഭവൻ വ്യക്തമാക്കുന്നത്.

Follow Us:
Download App:
  • android
  • ios