മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ നീക്കങ്ങളുമായി ശിവസേന മുന്നോട്ട്, സർക്കാർ രൂപീകരണത്തിനായി ശിവസേനയെ മഹാരാഷ്ട്ര ഗവർണർ ക്ഷണിച്ചു. എറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ്  രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. നാളെ വൈകിട്ട് ഏഴര വരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്. 

എൻസിപി അധ്യക്ഷൻ ശരത് പവാർ ഉദ്ദവ് താക്കറയെ ഫോണിൽ വിളിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആശംസ അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിനിടെ ശിവസേനയുടെ ലോക്സഭ എംപിയും ഏക കേന്ദ്ര മന്ത്രിയും അരവനിന്ദ് സാവന്ദ കേന്ദ്ര മന്ത്രിസ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചു. ഇതിനായി ഉദ്ദവ് താക്കറെയുടെ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശിവസേന എൻഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താൽ സഖ്യ സാധ്യത പരിശോധിക്കാമെന്ന് എൻസിപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. 

ഗവർണറുടെ ക്ഷണം വന്നതിന് പിന്നാലെ എൻസിപി നേതാവ് നവാബ് മാലിക് രാജി ഉടൻ വേണമെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്‍റെ നിലപാടാണ് ഇനി നിർണ്ണായകം. രാഷ്ട്രപതി ഭരണത്തിലേക്ക് മഹാരാഷ്ട്രയെ വിടില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഖ്യത്തിനോട് ഹൈക്കമാൻഡിന് അനുകൂല നിലപാടല്ല ഉള്ളത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും. മല്ലികാർജ്ജുൻ ഗാർഗെയും നാളെ കൂടിക്കാഴ്ചയിൽ പങ്കെടുക്കും നാളെ പതിനൊന്ന് മണിക്ക് കോൺഗ്രസ് എംഎൽഎമാർ ജയ്പൂരിൽ യോഗം ചേരും. മധുസൂദൻ മിസ്ത്രിയും ഈ യോഗത്തിനെത്തുമെന്നാണ് റിപ്പോർട്ട്.

സർക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി

ഇന്ന് വൈകിട്ടാണ് കേവല ഭൂരിപക്ഷമില്ലെന്നും അതിനാൽ തന്നെ സ‌ർക്കാരുണ്ടാക്കാനില്ലെന്നുമുള്ള തീരുമാനം ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ​മഹാരാഷ്ട്ര ഗവ‌‌ർണറെ അറിയിച്ചത്. അടിയന്തര കോ‌‌ർ കമ്മിറ്റിയോ​ഗത്തിന് ശേഷമാണ് ബിജെപി ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. അമിത് ഷായും വീഡിയോ കോൺഫ്രൻസിം​ഗ് വഴി ഈ യോ​ഗത്തിൽ പങ്കെടുത്തു. 

ശിവസേനയ്ക്ക് വഴങ്ങിക്കൊണ്ട് സർക്കാർ രൂപീകരിക്കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. ​ഗവ‌‌ർണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ​ഗുരുതര ആരോപണങ്ങളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉന്നയിച്ചത്. ബിജെപി ശിവസേന സഖ്യത്തിനായാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ഈ ജനവിധിയെ വഞ്ചിക്കുകയാണ് ശിവസേന ചെയ്തതെന്നുമാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ ആരോപണം. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ നി‍‌‌ർബന്ധമാണ് അനായേസേന ബിജെപി ശിവസേന സഖ്യത്തിന് സ‌‌ർക്കാരുണ്ടാക്കുന്ന ഭൂരിപക്ഷമുണ്ടായിട്ടും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. 

കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം.

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇ‍ടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ 'വല്യേട്ട'നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.