ദില്ലി: തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യ തലസ്ഥാനം. ആവേശത്തോടെയാണ് പൗരൻമാർ വോട്ട് രേഖപ്പെടുത്താൻ പോളിം​ഗ് ബൂത്തുകളിലേക്ക് എത്തുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൊരു ഉദാഹരണമാണ് വിവാഹ വേഷത്തിൽ‌ വോട്ട് ചെയ്യാനെത്തിയ വരനും ബന്ധുക്കളും. വിവാഹത്തിന്റെ സന്തോഷത്തോടെയാണ് ഇവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നതെന്ന് ഇവരുടെ മുഖങ്ങളിൽ നിന്ന് വ്യക്തമാണ്. ഷക്കർപൂരിലെ പ്രൈമറി സ്കൂളിലെ പോളിം​ഗ് ബൂത്തിലാണ് ഈ മണവാളനും ബന്ധുക്കളുമുള്ളത്. ക്യൂവിൽ‌  നിൽക്കുക മാത്രമല്ല, താളം കൊട്ടി നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട് ഇവരെല്ലാവരും. അമൻദീപ് സിം​ഗ് എന്നയാളാണ് ട്വിറ്ററിൽ‌ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

"

പരമ്പരാ​ഗത വിവാഹ വസ്ത്രമായ ഷെർവാണിയും തലപ്പാവുമണിഞ്ഞാണ് വരൻ നിൽക്കുന്നത്. വരനൊപ്പം മറ്റ് കുടുംബാം​ഗങ്ങളും ക്യൂവിൽ‌ നിൽക്കുന്നുണ്ട്. ഇവരും വിവാഹത്തിനെത്തിയ വേഷത്തിൽ തന്നെയാണ്. വരന്റെ പേര് എന്താണെന്നോ മറ്റ് വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം, വോട്ട് ചെയ്യാൻ താമസം നേരിടുന്നതിലെ ആശങ്കയൊന്നും ഇവരുടെ മുഖത്തില്ല എന്നതാണ്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. 

1.47 കോടി വോട്ടർമാരാണ് ദില്ലിയിൽ ഉള്ളത്. ശുദ്ധജലം ലഭ്യമാക്കുക, സബ്സിഡി നിരക്കിൽ വൈദ്യുതി, മത ധ്രുവീകരണം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ നിരവധി തർക്കവിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇവർ വോട്ട് ചെയ്യാനെത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തങ്ങളുടെ അധികാരം നിലനിർത്താനുള്ള പോരാട്ടത്തിലാണ് കെജ്‍രിവാൾ മുഖ്യമന്ത്രിയായിരിക്കുന്ന ആം ആദ്മി പാർട്ടി. അതേ സമയം ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് അവരുടെ അഭിമാനത്തിന്റെ കാര്യമാണ്. ഫെബ്രുവരി 11 നാണ് തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്.