ഗുജറാത്ത്: വിവാഹത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഒളിച്ചോടിയ വരന്‍റെ അച്ഛനും വധുവിന്‍റെ അമ്മയും പൊലീസ് സ്റ്റേഷനിലെത്തി 'കീഴടങ്ങി'. നാടുവിട്ട ഹിമ്മത്ത് പട്ടേലും ശോഭ്ന റാവലും ഒരാഴ്ചയ്ക്ക് ശേഷമാണ് തിരികെ നാട്ടിലെത്തുന്നത്. ജനുവരി 10നാണ് ഇവരെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ മക്കളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ ഹിമത്ത് പട്ടേലും ശോഭ്നയും നാടുവിടുകയായിരുന്നു. 

തിരികെയെത്തിയ ശോഭ്നയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറാകാതെ വന്നതോടെ ശോഭ്നയുടെ പിതാവ് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹിമ്മത്ത് പട്ടേലും അവിടേക്ക് എത്തി. തുടര്‍ന്നാണ് ഇരുവരും നാടുവിടാനുണ്ടായ സാഹചര്യം വ്യക്തമായത്. ഗുജറാത്തിലെ സൂറത്തിലെ കട്ടർ​ഗാമില്‍ അയല്‍വാസികളായിരുന്ന ഹിമ്മത്ത് പട്ടേലും ശോഭ്നയും കുട്ടിക്കാലം മുതല്‍ പരിചയമുണ്ടായിരുന്നു. പിന്നീടത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പക്ഷേ ഇവര്‍ക്ക് ജീവിതത്തില്‍ ഒന്നിക്കാന്‍ സാധിച്ചില്ല.

Read More: വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി; ‌എന്തുചെയ്യണമെന്നറിയാതെ വധൂവരന്മ‍ാർ

മറ്റൊരാളുമായി വിവാഹം കഴിഞ്ഞതോടെ ശോഭ്ന നവ്സരിയിലേക്ക് താമസം മാറി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം  മക്കളുടെ വിവാഹം നിശ്ചയിച്ചതോടെ  നാൽപത്തിയാറുകാരിയായ ശോഭ്നയും  നാൽപത്തെട്ടുകാരനായ ഹിമ്മത്ത് പട്ടേലും തമ്മിലുണ്ടായിരുന്ന പ്രണയം വീണ്ടും ശക്തമാകുകയും ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയുമായിരുന്നു.